സാം എബ്രഹാം കൊലക്കേസിൽ ഭാര്യക്കും കാമുകനും തടവ്‌

മലയാളിയായ സാം എബ്രഹാമിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യക്കും കാമുകനും തടവ്. സോഫിയക്ക് 22 വർഷവും കാമുകൻ അരുൺ കമലാസനന് 27 വർഷവും ആണ് ശിക്ഷ വിധിച്ചത്. ഓസ്‌ട്രേലിയൻ സുപ്രീംകോടതിയുടേതാണ് വിധി.

2015 ഒക്‌ടോബർ 13 നായിരുന്നു മെൽബണിൽ മലയാളിയായ സാം എബ്രഹാമിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തീയത്. സോഫിയയും അരുണും ചേർന്ന് ഓറഞ്ച് ജ്യൂസിൽ സയനൈഡ് കലർത്തി സാം എബ്രഹാമിനെ കൊലപ്പെടുത്തുകയായിരുന്നു. ഇവർ നേരത്തെ കുറ്റം നിഷേധിച്ചിരുന്നു. എന്നാൽ തെളിവുകൾ പ്രതികൾക്ക് എതിരായിരുന്നു. ശാസ്ത്രീയ തെളിവുകളാണ് ഇവരെ കുടുക്കിയത്. മലയാളിയായ സാം പുനലൂർ കരവാളൂർ സ്വദേശിയാണ്.

സാമിന്റേത് ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണെന്ന് കണ്ടെത്തിയ പോലീസ് 2016 ഓഗസ്റ്റിലാണ് ഭാര്യ സോഫിയ സാമിനേയും കാമുകൻ അരുൺ കമലാസനനേയും പിടികൂടുന്നത്. സാം എബ്രഹാമിന്‍റെ ശരീരത്തിൽ കൂടിയ അളവിൽ സയനൈഡ് കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്. നാട്ടിൽ വെച്ച് പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു സാമും സോഫിയയും. ഹൃദ്രോഗം മൂലമാണ് സാം മരിച്ചതെന്ന് വീട്ടികാരെയും ബന്ധുക്കളെയും വിശ്വസിപ്പിക്കുകയായിരുന്നു സോഫിയ. ലോക മലയാളി മനസാക്ഷിയെ ഞെട്ടിച്ച ഒരു കേസിനാണ് അനിവാര്യമായ ശിക്ഷ ലഭിച്ചിരിക്കുന്നത്.