മഹാരാജ ക്ലാസുമായി എയർ ഇന്ത്യ

വരുമാനം വർദ്ധിപ്പിക്കാൻ പുതിയ പദ്ധതിയുമായി എയർ ഇന്ത്യ രംഗത്ത്. ബിസിനസ് ക്ലാസിനു പുറമേ പുതിയൊരു ക്ലാസ് കൂടി എയർ ഇന്ത്യ വിമാനത്തിൽ തുടങ്ങാനാണ് പദ്ധതിയിടുന്നത്. മഹാരാജ എന്ന പേരിലാണ് പുതിയ ക്ലാസ് അറിയപ്പെടുക. രാജ്യാന്തര സർവ്വീസുകളിൽ മഹാരാജ ബിസിനസ് ക്ലാസുകൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. മറ്റ് ക്ലാസുകളെ അപേക്ഷിച്ച് ഇതിൽ കൂടുതൽ സൗകര്യങ്ങളുണ്ടാകും. ബോയിംഗ്-777 വിമാനത്തിലുള്ള ഫസ്റ്റ് ക്ലാസ് ഇനി മുതൽ മഹാരാജ ക്ലാസായി മാറ്റും.

ജീവനക്കാരുടെ യൂണിഫോമിലും കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്. പാശ്ചാത്യ രീതിയിലുള്ള യൂണിഫോം ആണ് ഇനി മുതൽ എയർ ഇന്ത്യ ജീവനക്കാർ ധരിക്കുക. ഇന്റർനാഷണൽ റൂട്ടുകളിൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് എയർ ഇന്ത്യയുടെ അടിമുടിയുള്ള ഈ മാറ്റം. എയർ ഇന്ത്യയുടെ ഓഹരി വിൽപന അനിശ്ചിതത്വത്തിലായതിനെ തുടർന്നാണ് വരുമാനം വർദ്ധിപ്പിക്കുന്നതിനായി പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചിരിക്കുന്നത്.