ജപ്പാനില്‍ നാശം വിതച്ച് പേമാരി; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കഴിഞ്ഞ മുപ്പത്തി ആറു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പേമാരിയില്‍ ലക്ഷകണക്കിന് വീടുകള്‍ ഒലിച്ചുപോയി. ഹിരോഷിമയടക്കമുള്ള മേഖലകളെല്ലാം വെള്ളത്തിനടിയിലായി. ദുരന്തത്തെ തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഉയര്‍ന്ന കെട്ടിടങ്ങളില്‍ അഭയം തേടിയവരാണ് ഏറെയും. ജപ്പാന്റെ ഒട്ടുമിക്ക മേഖലകളും വെള്ളത്തിനടയിലായിരിക്കുന്നു. നിര്‍ത്താതെ പെയ്ത മഴ സകല കണക്കുകൂട്ടലുകളും തെറ്റിച്ചു. പടിഞ്ഞാറന്‍ ജപ്പാനും മധ്യ ജപ്പാനുമാണ് മഴയില്‍ ആദ്യം മുങ്ങിയത്. കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കനുസരിച്ച് 1983നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന മഴ. പ്രധാന ദ്വീപായ ഹൊന്‍ഷുവില്‍ മഴയെതുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായി, ഹിരോഷിമയിലാണ് ആദ്യത്തെ മരണം റിപ്പോട്ട് ചെയ്തത്. ഹിരോഷിമയില്‍ ഗ്രാമങ്ങളാകെ വെള്ളത്തിടിയിലായി. ചെറുതും വലുതുമായ ഡാമുകളൊക്കെ തുറന്നുവിട്ടു.

നാല്‍പ്പത്തി എട്ട് പേര്‍ പ്രളയത്തില്‍ മരിച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. കിഴക്കന്‍ മേഖലകളായ കഖോഷിമ, കൊഫു, ഗിഫു തുടങ്ങിയവയെല്ലാം പൂര്‍‍ണമായും വെള്ളത്തിനടിയിലായി. കാര്യങ്ങള്‍ കൈവിട്ടു പോയതോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഓഫിസ് നേരിട്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അടിയന്തരരക്ഷാപ്രവര്‍ത്തക സംഘത്തില്‍ 54,000 പേരെകൂടി ഉള്‍പ്പെടുത്തി വലിയൊരു ദൗത്യസംഘത്തിന് സര്‍ക്കാര്‍ രൂപം നല്‍കി. ഒരുദിവസത്തിനുള്ളില്‍ ഇരുപത് ലക്ഷത്തിലേറെ പേരെയാണ് വെള്ളപ്പൊക്ക മേഖലകളില്‍ നിന്ന് ഒഴിപ്പിച്ചത്. ഉയര്‍ന്ന കെട്ടിടങ്ങള്‍ക്കുമുകളില്‍ അഭയം തേടിയവരെ ഹെലികോപ്റ്ററില്‍ എയര്‍ ലിഫ്റ്റ് ചെയ്ത് ദുരിതാശ്വാസ കേന്ദ്രങ്ങവില്‍ എത്തിച്ചു.