രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു

തിരുവനന്തപുരം: സമകാലിക ഇന്ത്യയില്‍ ഡോക്യുമെന്ററികള്‍ ഉയര്‍ത്തികാട്ടേണ്ടത് മതനിരപേക്ഷത ബോധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പതിനൊന്നാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള കൈരളി തിയേറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വര്‍ത്തമാന കാലത്തിന്റെ യഥാര്‍ത്ഥ അവസ്ഥയിലേക്ക് വെളിച്ചം പായിക്കുകയാണ് സംവിധായകര്‍ ചെയ്യേണ്ടത്. ഇത് ഒരുകണക്കിന് നോക്കിയാല്‍ അപകടകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജനസമൂഹങ്ങളുടെ എല്ലാവിധ ചെറുത്തുനില്‍പുകളെയും ചരിത്രപരമായി രേഖപ്പെടുത്തുന്നവയാണ് ഡോക്യുമെന്ററികള്‍. അതുകൊണ്ടുതന്നെ സാമൂഹികവും രാഷ്ട്രീയവും മനുഷ്യാവകാശപരവുമായ സമകാലിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമാണ് കേരളത്തിന്റെ മേളയിലിടം പിടിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിരോധത്തിനുള്ള മാര്‍ഗ്ഗവും മാധ്യമവുമാണ് ഡോക്യുമെന്ററി സിനിമകള്‍. ഈ വസ്തുതകള്‍ അടിവരയിടുന്നതാണ് കേരളത്തിലെ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള. പരിസ്ഥിതി കാര്യങ്ങള്‍ മുതല്‍ വംശീയ കാര്യങ്ങള്‍ വരെയും പ്രാദേശിക കാര്യങ്ങള്‍ മുതല്‍ സാര്‍വദേശീയ കാര്യങ്ങള്‍ വരെയും വിഷയമാക്കുന്ന ഡോക്യുമെന്ററികള്‍ ഇന്ന് സമൂഹത്തിന്റെ ചിന്താഗതിയെ വലിയതോതില്‍ സ്വാധീനിക്കുന്ന ഒരു സാന്നിധ്യമായി മാറിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് സാംസ്‌കാരിക രംഗത്തു മുതല്‍ സാമ്രാജ്യത്വ അധിനിവേശ രംഗത്തുവരെ പ്രതിരോധത്തിന്റെ ശക്തമായ നിര ഉയര്‍ത്തുന്ന ചെറുത്തുനില്‍പ്പിന്റെ അടയാളമായി ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും മാറിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രസിദ്ധ ഡോക്യുമെന്ററി സംവിധായകന്‍ രാകേഷ് ശര്‍മ്മ മുഖ്യാതിഥിയായിരുന്നു. മേളയിലെ പ്രഥമ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ആനന്ദ് പട്‌വര്‍ദ്ധന് മുഖ്യമന്ത്രി സമ്മാനിച്ചു. അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ഹ്യൂമന്‍ ഫ്‌ളോ പ്രദര്‍ശിപ്പിച്ചു. 64 മത്സര ചിത്രങ്ങള്‍ ഉള്‍പ്പെടെ 200 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. മേള 24 ന് സമാപിക്കും