റഫാൽ പോർ വിമാന രേഖകൾ പുറത്ത് വിട്ട് മോദി സർക്കാർ

ഡൽഹി: റഫാൽ പോർ വിമാന ഇടപാടിൽ ഓരോ റാഫേൽ വിമാനത്തിലും 59 കോടി രൂപയുടെ ലാഭമെന്ന് മോദി സർക്കാർ. റാഫേൽ വിമാനങ്ങൾക്കായി യുപിഎ സർക്കാരിന്റെ കാലത്ത് നടത്തിയ വിലപേശലിനേക്കാൾ കുറഞ്ഞ തുകയ്ക്കാണ് വിമാനം സ്വന്തമാക്കിയതെന്നാണ് പ്രതിരോധ മന്ത്രാലയവും വ്യോമസേനയും പുറത്ത് വിട്ട വിവരങ്ങൾ വ്യക്തമാക്കുന്നത്. യുപിഎ കാലത്ത് നടന്ന വിലപേശലിനെ അനുസരിച്ച് വിമാനങ്ങൾ വാങ്ങിയിരുന്നെങ്കിൽ സർക്കാരിന് കോടികളുടെ അധിക ബാധ്യത വഹിക്കേണ്ട അവസ്ഥ വരുമായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ വിശദമാക്കുന്നു.

മോദി സർക്കാർ 36 റഫാൽ പോർ വിമാനങ്ങൾക്കായി മുടക്കിയത് കേവലം 59262 കോടി രൂപയായിരുന്നു. എന്നാൽ യുപിഎ കാലത്തെ 126 വിമാനങ്ങൾക്ക് 1,72,185 കോടി രൂപ ചിലവ് വരുമായിരുന്നുവെന്ന് രേഖകൾ വിശദമാക്കുന്നു.യുപിഎ കാലത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു വിമാനത്തിനു മാത്രം 59 കോടി രൂപയുടെ ലാഭമുണ്ടാക്കാൻ കഴിഞ്ഞതായി രേഖകൾ വ്യക്തമാക്കുന്നു. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് വിവാദങ്ങളും ആരോപണങ്ങളും ശക്തമായ സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രാലയവും വ്യോമസേനയും കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്.