മാവേലി ബസ് സര്‍വീസുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: അയൽ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് ഓണക്കാലത്ത് നാട്ടിലെത്താൻ മാവേലി ബസുമായി കെഎസ്ആർടിസി  .  ബാംഗ്ലൂർ, മൈസൂർ, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കെത്തുന്നവർക്കായാണ് മാവേലി ബസ് സർവീസ് കെഎസ്ആർടിസി ഒരുക്കുന്നത്. മിതമായ നിരക്കിലായിരിക്കും സർവീസുകൾ നടത്തുക.

മൾട്ടി ആക്‌സിൽ സ്‌കാനിയ എസി, മൾട്ടി ആക്‌സിൽ വോൾവോ എസി ബസ്സുകൾ കൂടാതെ സൂപ്പർ ഡീലക്‌സ്, സൂപ്പർ എയർ എക്‌സ്പ്രസ്, സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസ്സുകളാണ് യാത്രയ്ക്കായി ക്രമീകരിച്ചിരിക്കുന്നത്. ആഗസ്റ്റ് 17 മുതൽ സെപ്റ്റംബർ ഒന്ന് വരെയാണ് സ്‌പെഷ്യൽ ബസ് സർവീസ് നടത്തുക. നിലവിൽ സർവീസ് നടത്തുന്നതിൽ കൂടുതലായി 100 ബസ്സുകൾ കേരളത്തിലെ പ്രധാനപ്പെട്ട പട്ടണങ്ങളിൽ നിന്നും ജില്ലാ കേന്ദ്രങ്ങളിൽ നിന്നും ബെംഗളൂരുവിലേക്കും മൈസൂരിലേക്കും കോയമ്പത്തൂരിലേക്കും കൂടാതെ പെർമിറ്റ് ലഭ്യമാകുന്ന പക്ഷം ചെന്നൈയിലേക്കും തിരിച്ചുമുളള സർവീസുകൾ ആണ് നടത്തുക.
യാത്രക്കാർ നിരന്തരമായി കെഎസ്ആർടിസിയുടെ ഫേസ്ബുക്ക് പേജിലൂടെയും ഇമെയിൽ വഴിയും സ്‌പെഷ്യൽ സർവീസിനായുള്ള ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി ഇപ്രകാരം മറുനാടൻ മലയാളികൾക്ക് വേണ്ടി യാത്രാ സൗകര്യം ഒരുക്കുന്നത് എന്ന് കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരി അറിയിച്ചു. ഈ സർവീസുകൾക്കെല്ലാം തന്നെ ഓൺലൈനായി സീറ്റ് റിസർവേഷൻ സൗകര്യം ഏർപ്പെടുത്തുന്നുമെന്നും അദ്ദേഹം പറഞ്ഞു.