ഹനാനെ അപമാനിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

 

കൊച്ചി: പഠനത്തിനും ഉപജീവനത്തിനുമായി മീൻവില്പനക്കിറങ്ങിയ ഹനാനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഗുരുവായൂർ സ്വദേശി വിശ്വൻ ചെറായി എന്ന വിശ്വംഭരനാണ് അറസ്റ്റിലയത്. ഹനാനെ അപമാനിച്ച സംഭവത്തിൽ വയനാട് സ്വദേശി നൂറുദ്ദീൻ ഷെയ്ഖിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റുചെയ്തിരുന്നു. ഒരു ഓൺലൈൻ മാധ്യമപ്രവർത്തകനാണു ഹനാനെ അപമാനിക്കുന്ന തരത്തിലുള്ള വിവരങ്ങൾ തനിക്കു കൈമാറിയതെന്നു നൂറുദീൻ മൊഴി നൽകി. വിശദമായി ചോദ്യം ചെയ്ത നൂറുദ്ദീൻ ഷെയ്ഖിനെ വിട്ടയച്ചു.

സംഭവത്തിൽ നൂറുദീൻ ഷെയ്ഖിനെതിരെ സൈബർ നിയമപ്രകാരം പൊലീസ് കേസെടുത്തതോടെ സൈബർ കുറ്റവാളികളിൽ പലരും അവർ പ്രചരിപ്പിച്ച അപകീർത്തി പോസ്റ്റുകൾ പിൻവലിച്ചു. എന്നാൽ, ഇത്തരക്കാർ നടത്തിയ ദുഷ്പ്രചാരണത്തിന്റെ തെളിവുകൾ വനിതാ കമ്മിഷൻ ശേഖരിച്ചിട്ടുണ്ടെന്നും അതു പൊലീസിനു കൈമാറാൻ തയാറാണെന്നും വനിത കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ അറിയിച്ചു. വിദ്യാർഥിനിയെ അധിക്ഷേപിക്കുന്ന പ്രചാരണത്തിൽ പങ്കാളികളായ പത്തു സൈബർ കുറ്റവാളികളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.