ഇടുക്കി ജലനിരപ്പ് വീണ്ടും ഉയർന്നു: ചെറുതോണി ഷട്ടറുകൾ തുറക്കാൻ സാധ്യത

 

ഇടുക്കി: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. ജലനിരപ്പ് 2393.78 അടിയായി. ഒരടികൂടി ഉയർന്നാൽ ജാഗ്രതാനിർദേശം നൽകും. ഇടുക്കിയിലെ പരമാവധി സംഭരണശേഷി 2400 അടിയാണ്. 2400 അടിവരെ കാക്കാതെ 2397-2398 അടി എത്തുമ്പോൾ നിയന്ത്രിത അളവിൽ വെള്ളം തുറന്നുവിടാനാണ് ആലോചിക്കുന്നത്. അപായ സൈറൺ മുഴക്കി 15 മിനിറ്റിനു ശേഷമായിരിക്കും ചെറുതോണിയിലെ ഷട്ടറുകൾ തുറക്കുക. നദീതീര മേഖലകളിൽ അനൗൺസ്മെന്റും നടത്തും. ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് ഘട്ടംഘട്ടമായി പകൽ സമയത്താകും തുറക്കുക. ഷട്ടറുകൾ തുറക്കും മുമ്പ് ആവശ്യമായ മുൻകരുതലുകളെടുക്കും.

കഴിഞ്ഞ ദിവസം ഇറിഗേഷൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പെരിയാർ നദിയുടെ തീരത്ത് സർവേ നടപടികൾ നടത്തിയിരുന്നു. ഷട്ടറുകൾ തുറന്നാൽ നേരിടേണ്ടി വരുന്ന നാശനഷ്ടങ്ങളുടെ കണക്ക് വിലയിരുത്തി. അണക്കെട്ട് തുറന്നാൽ ആയിരത്തോളം പേരെയാണ് മാറ്റി പാർപ്പിക്കേണ്ടി വരിക.

വ്യാഴാഴ്ച ബ്ലൂ അലർട്ട് നൽകിയിരുന്നു. 2395 അടിയിലെത്തുമ്പോൾ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും. 2399-ജലനിരപ്പ് ഉയരുമ്പോഴാണ് റെഡ് അലർട്ടുമാണ് നൽകുന്നത്. റെഡ് അലർട്ട് നൽകിയാൽ ഏതു നിമിഷവും സംഭരണി തുറക്കാം.