ഹനാന്‍ മുഖ്യമന്ത്രിയെ കണ്ടു; സര്‍ക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സൈബർ ആക്രമണത്തിന് ഇരയായ തൊടുപുഴ അല്‍-അസ്ഹര്‍ കോളെജ് വിദ്യാര്‍ഥിനി ഹനാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. താൻ സർക്കാരിന്റെ മകളാണെന്നും ഒരു മകൾക്കാവശ്യമായ എല്ലാ സംരക്ഷണവും സർക്കാർ തനിക്ക് തരുമെന്ന് തനിക്ക് വളരെയധികം ആത്മവിശ്വാസമുണ്ട്. എല്ലാ രീതിയിലുമുള്ള സംരക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഹനാന്‍ മാധ്യമങ്ങളോട് പറ‍ഞ്ഞു.

സര്‍ക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് ഹനാന് ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ടു പോകാന്‍ ഹനാനോട് പറഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഹനാന്‍ വന്നു കണ്ടിരുന്നു. മന്ത്രിസഭായോഗം കഴിഞ്ഞെത്തിയപ്പോള്‍ ആയിരുന്നു ഹനാന്‍ വന്നത്. ആ കുട്ടിയുടെ മുഖത്തെ ചിരി കണ്ടപ്പോള്‍ സന്തോഷം തോന്നി. പഠിക്കാനും ജീവിക്കാനുമായി തൊഴിലെടുക്കുന്ന വാര്‍ത്ത വന്നതിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണം നേരിട്ട കുട്ടിയാണ് ഹനാന്‍. അന്ന് സര്‍ക്കാര്‍ ഹനാന് എല്ലാ സംരക്ഷണവും ഉറപ്പാക്കിയിരുന്നു. കുറ്റക്കാരെ അറസ്റ്റു ചെയ്യുകയും ചെയ്തു. അതിനു നന്ദി അറിയിക്കാനായിരുന്നു ഹനാന്‍ എത്തിയത്.

സര്‍ക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് കുട്ടിക്ക് ഉറപ്പു നല്‍കി. ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ടു പോകാന്‍ ഹനാനോട് പറഞ്ഞു.