കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് അനുമതി കാത്ത് വിമാനക്കമ്പനികൾ

കരിപ്പൂർ; ഗൾഫിലെ പ്രധാന വിമാന കമ്പനികൾ കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള കേന്ദ്രാനുമതി കാത്തിരിക്കുകയാണ്. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിപത്രം ലഭിച്ചാൽ കരിപ്പൂരിലേക്ക് രണ്ടാഴ്ചക്കകം സർവീസിന് ഒരുക്കമാണെന്ന നിലപാടിലാണ് സൗദി അറേബ്യയുടെ ഔദ്യോഗിക വിമാന കമ്പനി. പ്രവാസികൾക്കു പുറമെ ഹജ്ജ്, ഉംറ തീർഥാടകരുടെ ആധിക്യവും കാരണം കരിപ്പൂർ സർവീസിനോട് സൗദി വിമാന കമ്പനിക്ക് വർധിച്ച താൽപര്യമുണ്ട്. ഏറ്റവും കൂടുതൽ യാത്രക്കാരുള്ള കോഴിക്കോട് സെക്ടറിൽ സെപ്റ്റംബറോടെയെങ്കിലും സർവീസ് നടത്താൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗൾഫ് എയർലൈൻസുകൾ.

കൂടുതൽ പ്രവാസികൾ ചേക്കേറിയ ജിദ്ദ, റിയാദ് നഗരങ്ങളിലുള്ളവരെയാണ് കരിപ്പൂർ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിലും വടക്കു കിഴക്കൻ സെക്ടറിലും കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്ന് എമിറേറ്റ്സ് പല തവണ ആവശ്യപ്പെട്ടതാണെങ്കിലും അനുകൂല നടപടിയെന്നും ഇനിയും ഉണ്ടായിട്ടില്ല.