ജലന്ധർ ബിഷപ്പിന്റെ പീഡനം: തെളിവെടുപ്പിനായി അന്വേഷണ സംഘം ഡൽഹിക്ക്

കൊച്ചി: ജലന്ധർ ബിഷപ്പിനെതിരായ ലൈംഗികാരോപണത്തിൽ വത്തിക്കാൻ സ്ഥാനപതി അടക്കമുള്ളവരുടെ മൊഴിരേഖപ്പെടുത്താൻ അന്വേഷണ സംഘം ഇന്ന് ഡൽഹിയിലേക്ക് തിരിക്കും. ജലന്ധറിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. ബിഷപ്പിനെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല.

കേരളത്തിൽ തെളിവെടുപ്പും മൊഴിയെടുക്കലും പൂർത്തിയായ സാഹചര്യത്തിലാണ് കേരളത്തിന് പുറത്തുള്ള നടപടികൾക്കായി അന്വേഷണ സംഘം ഡൽഹിക്ക് തിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ കെ സുഭാഷ് ഉൾപ്പടെ ആറംഗ സംഘമാണ് കേരളത്തിന് പുറത്തുള്ള അന്വേഷണം നടത്തുന്നത്.

കന്യാസ്ത്രീക്കെതിരെ പരാതി നൽകി സ്ത്രീയുടെയും ഇവരുടെ ഭർത്താവിന്റെയും മൊഴി ഡൽഹിയിൽ എത്തി രേഖപ്പെടുത്തും. തുടർന്ന് ഉജ്ജൈൻ ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേടത്തിന്റെയും മൊഴിയെടുക്കും. ഉജ്ജൈൻ ബിഷപ്പാണ് കന്യാസ്ത്രീയുടെ പരാതി കർദ്ദിനാളിന് കൈമാറിയത്. വത്തിക്കാൻ സ്ഥാനപതിയിൽ നിന്നും മൊഴിയെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. സർക്കാരിൽ നിന്നുമുള്ള അനുമതി ലഭിച്ചാൽ മാത്രമേ തെളിവെടുപ്പ് ഉണ്ടാവുകയുള്ളു.