ചെലവുചുരുക്കൽ നടപടികളുമായി പൈലറ്റുമാർ സഹകരിച്ചില്ലെങ്കിൽ സർവീസ് നിർത്തിവെക്കേണ്ടി വരും;ജെറ്റ് എയർവേയ്സ്

ഡൽഹി: സാമ്പത്തിക ബാധ്യത വർധിച്ച സാഹചര്യത്തിൽ ചെലവുചുരുക്കൽ നടപടികളുമായി പൈലറ്റുമാർ സഹകരിച്ചില്ലെങ്കിൽ അറുപത് ദിവസത്തിനുള്ളിൽ സർവീസ് നിർത്തിവെക്കേണ്ടി വരുമെന്ന് ജെറ്റ് എയർവേയ്സ്. പൈലറ്റുമാരുടെ ശമ്പളത്തിൽ കുറവു വരുത്താനായി എടുത്ത തീരുമാനത്തിൽ എതിർപ്പുണ്ടായതോടെയാണ് പുതിയ തീരുമാനം. ചെലവുചുരുക്കാനും വരുമാനം വർധിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി രണ്ടു വർഷത്തേക്ക് പൈലറ്റ്മാരുടെ ശമ്പളത്തിൽ 15 ശതമാനം വെട്ടിക്കുറവ് വരുത്താനാണ് കമ്പനി മുന്നോട്ടുവെച്ച നിർദേശം. ജീവനക്കാരുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയതായും ജെറ്റ് എയർവേയ്സ് വക്താവ് പറഞ്ഞു. നിലവിലെ അവസ്ഥയിൽ 60 ദിവസം കൂടി മാത്രമേ മുന്നോട്ടുപോകാനാകൂ.

വർധിച്ചുവരുന്ന ഇന്ധനവിലയും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും ഇന്ത്യയിലെ എയർലൈൻ കമ്പനികൾക്ക് വലിയ നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്രവർത്തന മൂലധനത്തിനുള്ള വായ്പയ്ക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ കമ്പനി ഒരു തിരിച്ചു വരവിനായെടുക്കുന്ന നടപടികൾ എന്തൊക്കെയെന്ന് ബാങ്കിനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് ചെലവുചുരുക്കൽ നടപടികളിലേക്ക് ജെറ്റ് എയർവെയ്സ് കടക്കുന്നത്. ജൂനിയർ പൈലറ്റുമാരുടെ ശമ്പളം 30-50 വെട്ടിക്കുറയ്ക്കുമെന്നും താൽപര്യമില്ലാത്തവർക്ക് ജോലി രാജിവെക്കാമെന്നും കഴിഞ്ഞ വർഷം ജൂലായിൽ ജെറ്റ് എയർവേയ്സ് പ്രഖ്യാപിച്ചിരുന്നു.