കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാൻ അവലോകന യോഗത്തിൽ ധാരണ, മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല

ആലപ്പുഴ: കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാൻ അവലോകന യോഗത്തിൽ ധാരണയായി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുമെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു. ജലനിയന്ത്രണ സംവിധാനങ്ങൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. പ്രളയക്കെടുതിയിൽ 1000 കോടി രൂപയുടെ നഷ്ടമുണ്ടായി.

മാധ്യമപ്രവർത്തകരുടെ മൈക്ക് ശരീരത്തിൽ തട്ടിയതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിക്കാതെ യോഗത്തിനു ശേഷം മടങ്ങി. മന്ത്രിമാരായ മാത്യു ടി തോമസ്, തോമസ് ഐസക്, റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ആലപ്പുഴ, കോട്ടയം കലക്ടർമാരും ചീഫ് സെക്രട്ടറിയുമടക്കം നാനൂറിലേറെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസ് എംപിമാരും യോഗത്തിൽ പങ്കെടുത്തില്ല.

മുഖ്യമന്ത്രിക്ക് തമ്പുരാൻ മനോഭാവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.പ്രളയബാധിത പ്രദേശം സന്ദർശിക്കാതെ അവലോകനം നടത്തുന്നതിൽ അർത്ഥമില്ലെന്നും രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് ആത്മാർഥതയില്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധവും നടന്നു. അതേസമയം പ്രതിപക്ഷ നിലപാട് ദൗർഭാഗ്യകരമെന്ന് മന്ത്രി തോമസ് ഐസക് പ്രതികരിച്ചു. തീരുമാനം മുഖ്യമന്ത്രിയുടേതാണെന്നായിരുന്നു മന്ത്രി ഈ ചന്ദ്രശേഖരനും മാത്യു ടി തോമസും പ്രതികരിച്ചത്.