രാജ്യത്ത് തൊഴിലവസരങ്ങൾ കുറയുന്നുവെന്ന് നിതിൻ ഗഡ്കരി

ഔറംഗബാദ്: സംവരണം നൽകിയാലും രാജ്യത്ത് തൊഴിൽ അവസരങ്ങൾ കുറയുമെന്ന് നിതിൻ ഗഡ്കരി. മഹാരാഷ്ട്രയിൽ വിദ്യാഭ്യാസ, തൊഴിൽ സംവരണം അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ടു മറാഠാ പ്രക്ഷോഭകർ ഉൾപ്പെടെ സമരം ശക്തമാക്കിയ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ വിശദീകരണം. രാജ്യത്ത് തൊഴിൽ അവസരങ്ങൾ കുറയുന്ന സാഹചര്യത്തിൽ സംവരണം നൽകിയാൽ പ്രതീക്ഷിക്കുന്ന ഫലം ലഭിക്കില്ലെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കേന്ദ്രമന്ത്രിയുടെ മറുപടി. കംപ്യൂട്ടർ സാങ്കേതികതയുടെ വരവു കാരണം തൊഴിലവസരങ്ങൾ ഇല്ല. സർക്കാർ നിയമനങ്ങളും മരവിപ്പിച്ചിരിക്കുകയാണ്. എവിടെയാണ് തൊഴിലെന്നും ഗഡ്കരി ചോദിച്ചു.

പിന്നോക്കാവസ്ഥ എന്നത് ഇപ്പോൾ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ചാണ്, അതാണ് പ്രശ്‌നവും. ജാതിയോ വിഭാഗമോ ഭാഷയോ നോക്കാതെ വേണം പാവപ്പെട്ടവരെ തിരഞ്ഞെടുക്കേണ്ടത്. ഏതു മതത്തിൽപ്പെട്ടവരാണെങ്കിലും അവരിൽ ഒരു വിഭാഗത്തിന് ആവശ്യത്തിനു ഭക്ഷണമോ വസ്ത്രമോ പോലുമില്ല. ഇത്തരത്തിൽ ഏതു വിഭാഗത്തിൽപ്പെട്ടവരാണെങ്കിലും അതിലെ പാവങ്ങളിൽ പാവങ്ങളെയാണ് പരിഗണിക്കേണ്ടത്. സാമൂഹികവും സാമ്പത്തികവുമായ ചിന്തയാണ് ഇക്കാര്യത്തിലുണ്ടാകേണ്ടത്. അല്ലാതെ രാഷ്ട്രീയവൽക്കരിക്കുകയല്ല ഗഡ്കരി പറഞ്ഞു.

മറാഠാ സംവരണ പ്രക്ഷോഭത്തിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇടപെട്ട് ചർച്ചകൾ നടക്കുന്നുണ്ട്. വികസന പ്രവർത്തനങ്ങൾ, വ്യവസായവൽക്കരണം, ഗ്രാമീണ ഉൽപന്നങ്ങൾക്കു മികച്ച വില ഉറപ്പാക്കൽ എന്നിവ വഴി മറാഠാ വിഭാഗത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങൾ കുറയ്ക്കാനാകുമെന്നും ഗഡ്കരി പറഞ്ഞു.