രാഷ്ട്രപതിക്ക് വധഭീഷണി: പൂജാരി അറസ്റ്റിൽ

തൃശൂർ: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെതിരെ വധഭീഷണി മുഴക്കിയ ഒരാൾ അറസ്റ്റിൽ. ചിറയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ പൂജാരിയായ ജയരാമനാണ് പിടിയിലായത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു ഇയാൾ പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് രാഷ്ട്രപതിക്കെതിരെ വധഭീഷണി മുഴക്കിയത്. സെൻറ് തോമസ് കോളേജിന്റെ സെൻറിനറി ഹാളിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനെത്തുമ്പോൾ വേദിക്ക് ബോംബ് വയ്ക്കുമെന്നായിരുന്നു ഇയാൾ ഭ ീഷണി മുഴക്കിയത്.

നാളെ രാഷ്ട്രപതി ഗുരുവായൂർ സന്ദർശിക്കാനിരിക്കെയാണ് വധഭീഷണിയെത്തിയത്. വധഭീഷണിയുടെ പശ്ചാത്തലത്തിൽ സുരക്ഷ കർശനമാക്കി. മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച ഉച്ചയോടെയാണ് തലസ്ഥാനത്തെത്തിയത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിയ രാഷ്ട്രപതിയെ ഗവർണർ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.

വൈകീട്ട് കൊച്ചിയിലേക്ക് തിരിക്കുന്ന രാഷ്ട്രപതി ചൊവ്വാഴ്ച രാവിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായും ജഡ്ജിമാരുമായും കൂടിക്കാഴ്ച നടത്തും. തുടർന്ന് തൃശൂരിലെത്തുന്ന രാഷ്ട്രപതി സെൻറ് തോമസ് കോളേജിന്റെ സെൻറിനറി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ഈ പരിപാടികൾക്ക് ശേഷം ഗുരുവായൂർ ക്ഷേത്രദർശനം നടത്തി തിരികെ കൊച്ചിയിലെത്തുന്ന രാഷ്ട്രപതി 2.45 ന് പ്രത്യേക വിമാനത്തിലാണ് മടങ്ങുക.