സൗദിയിൽ മലയാളികളായ പ്രവാസികൾക്ക് ഗാർഹിക മേഖലയിലേക്ക് തൊഴിൽ മാറാനാവില്ല

റിയാദ്: സ്വദേശിവത്കരണ നിയമംമൂലം ആശങ്കയിലായ മലയാളികളടക്കമുള്ള പ്രവാസികൾക്ക് തിരിച്ചടിയായി ഗാർഹികമേഖലയിലെ തൊഴിൽമാറ്റത്തിലും സൗദി നിയമം കർശനമാക്കുന്നു. ഗാർഹികമേഖലയിലേക്ക് തൊഴിൽമാറ്റം അനുവദിക്കില്ലെന്നാണ് സൗദി തൊഴിൽ-സാമൂഹിക മന്ത്രാലയത്തിന്റെ പുതിയ ഉത്തരവിൽ പറയുന്നത്. ഇതോടെ വാണിജ്യ, വ്യാപാര മേഖലകളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ഗാർഹിക തൊഴിലുകളായ ഡ്രൈവർ, പരിചാരകർ, പാചകക്കാർ, വേലക്കാർ തുടങ്ങിയവയിലേക്ക് മാറാൻ കഴിയില്ല. വിവിധ വ്യാപാര, വാണിജ്യ മേഖലകളിൽ സ്വദേശിവത്കരണം ശക്തമായതോടെ തൊഴിൽ നഷ്ടപ്പെട്ട മലയാളികൾക്ക് മറ്റുമേഖലകളിലേക്ക് മാറാനുള്ള സാധ്യതയാണ് ഇല്ലാതാകുന്നത്.

മറ്റു മേഖലകളിലേക്ക് മാറാനുള്ള അപേക്ഷകളിലും കടുത്ത പരിശോധനകളാണ് നടക്കുന്നത്. അതതുമേഖലകളിൽ പ്രാവീണ്യവും പ്രവൃത്തി പരിചയവുമുള്ളവർക്കേ ബന്ധപ്പെട്ട വകുപ്പിൽ നിന്ന് പരിശീലന സർട്ടിഫിക്കറ്റ് ലഭിക്കൂ. സർട്ടിഫിക്കറ്റുകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരസിക്കാനാണ് തൊഴിൽമന്ത്രാലയത്തിന്റെ നിർദേശം. വിദേശതൊഴിലാളികളുടെ ഇഖാമ പുതുക്കാനും പുതിയത് ലഭിക്കാനും സെപ്റ്റംബർമുതൽ വാടകക്കരാർ നിർബന്ധമാക്കിയും ഉത്തരവ് വന്നിട്ടുണ്ട്. സൗദിയിലെ ‘ഈജാർ’ എന്ന സംവിധാനത്തിൽ രജിസ്റ്റർചെയ്ത പാർപ്പിട കരാറാണ് ഇതിനുവേണ്ടത്. തൊഴിൽമന്ത്രാലയവും ഭവന മന്ത്രാലയവും ചേർന്നാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.