രണ്ടാം അങ്കത്തിന് കാഹളം മുഴങ്ങുന്നു

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിന് ലോർഡ്‌സിൽ നാളെ തുടക്കമാകും. നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും കടുത്ത ചൂട് ലോർഡ്‌സിലെ പിച്ചിന്റെ സ്വഭാവത്തിലും മാറ്റം വരുത്തിയെന്നാണ് വിലയിരുത്തൽ. 2 സ്പിന്നർമാരെ ഉൾപ്പെടുത്തുന്ന കാര്യം ഇന്ത്യ ആലോചിക്കുന്നുണ്ട്. പേസർമാർക്ക് പകരം സ്പിന്നർമാർ കളി നിയന്ത്രിക്കും. ഈ സാഹചര്യത്തിലാണ് 2 സ്പിന്നർമാരെ ഉൾപ്പെടുത്താൻ ഇന്ത്യൻ ടീം ആലോചിക്കുന്നത്.

ആദ്യ ടെസ്റ്റിൽ തിളങ്ങിയ ആർ അശ്വിന് പുറമേ രവീന്ദ്ര ജഡേജ , കുൽദീപ് യാദവ് എന്നീ സ്പിന്നർമാരും ടീമിനൊപ്പം ഇംഗ്ലണ്ടിലുണ്ട്. ഇവരിൽ കുൽദീപ് ആദ്യ ഇലവനിലെത്തിയേക്കുമെന്നാണ് സൂചന. കുൽദീപ് ടീമിലെത്തിയാൽ ഹാർദിക് പണ്ഡ്യയെ ഒഴിവാക്കാനാണ് സാധ്യത. അതേസമയം പേസർമാരിൽ മാറ്റം വരാൻ സാധ്യതയില്ല. ഇഷാന്ത് ശർമ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവർ തുടരും. ആദ്യ ടെസ്റ്റ് 31 റൺസിന് ജയിച്ച ഇംഗ്ലണ്ട് പരമ്പരയിൽ മുന്നിലാണ്. ഇംഗ്ലണ്ടും 2 സ്പിന്നർമാരെ ഉൾപ്പെടുത്തിയേക്കും. ആദിൽ റഷീദിനൊപ്പം സ്പിന്നർ കൂടിയായ മധ്യനിരബാറ്റ്‌സ്മാൻ മോയിൻ അലിയെയും ഉൾപ്പെടുത്താനാണ് ആലോചന.