കൊതുകിനെ അകറ്റാൻ ചില നാടൻ മാർഗ്ഗങ്ങൾ

ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലമ്പനി, മലേറിയ എന്നു വേണ്ട ഒട്ടുമിക്ക അസുഖങ്ങളും പരത്തുന്നത് കൊതുകുകളാണ്. കൊതുകുതിരിയോ അല്ലെങ്കിൽ
ലിക്വിഡ് മോസ്‌കിറ്റോ വേപ്പറൈസർ ആണ് കൊതുകിനെ അകറ്റാൻ പലരും സ്ഥിരമായി ഉപയോഗിക്കുന്നത്. എന്നാൽ കൊതുക് പെരുകാതെ നോക്കാനും നശിപ്പിക്കാനും അവയെ അകറ്റി നിർത്താനുമൊക്കെ ചില നാടൻ മാർഗങ്ങളുണ്ട്.

വെളുത്തുള്ളി ചതച്ചെടുത്തു വെള്ളത്തിലിട്ടു ചൂടാക്കിയ ശേഷം മുറിയിൽ തളിച്ചാൽ കൊതുകിനെ തുരത്താം. വെളുത്തുള്ളി ചതച്ചു ചാറെടുത്തു ശരീരത്തിൽ പുരട്ടിയാലും കൊതുകു കടിയിൽ നിന്നു രക്ഷനേടാം. വീടിനുള്ളിൽ കർപ്പൂരം കത്തിച്ചു വച്ചാലും കൊതുകുകൾ അടുക്കില്ല. നാരങ്ങ രണ്ടായി മുറിച്ച് ഓരോ കഷ്ണത്തിലും ഒരു ഗ്രാമ്പു വീതം കുത്തി നിർത്തിയ ശേഷം മുറിയിൽ സൂക്ഷിച്ചാൽ കൊതുക് ശല്യം ഉണ്ടാകില്ല. കർപ്പൂരവള്ളി വീട്ടിൽ വളർത്തുന്നതും ലാവെൻഡർ ഓയിൽ പോലുള്ള ഓയിലുകൾ ഉപയോഗിക്കുന്നതും കൊതുക് ശല്യം അകറ്റാൻ നല്ലതാണ്. അൽപം തുറന്ന ബൗളിൽ കാപ്പിപ്പൊടി സൂക്ഷിക്കുന്നത് കൊതുകുകളെ അകറ്റും.