രണ്ട് വർഷത്തിനുള്ളിൽ ഫൈവ് ജി സേവനങ്ങൾ ലഭ്യമാകുമെന്ന് ടെലികോം സെക്രട്ടറി

ഡൽഹി: ഫൈവ് ജി സേവനങ്ങൾ രാജ്യത്ത് രണ്ടുവർഷത്തിനുള്ളിൽ ലഭ്യമാകുമെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ അറിയിച്ചു. മറ്റ് ഏഷ്യൻ രാജ്യങ്ങളോട് കിടപിടിക്കത്തക്ക രീതിയിലായിരിക്കും സേവനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ കൊറിയ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളിൽ അടുത്ത രണ്ടുവർഷത്തിനുള്ളിൽ ഫൈവ് ജി സേവനങ്ങൾ ലഭ്യമായിത്തുടങ്ങും. ഇന്ത്യയിൽ ഇതിനുള്ള സൗകര്യങ്ങൾ ഒരുങ്ങിവരുന്നതേയുള്ളൂ. ഡിമാൻഡ് അനുസരിച്ചായിരിക്കും ഫൈവ് ജി ലഭ്യമാക്കുക എന്ന് ടെലികോം സെക്രട്ടറി അറിയിച്ചു.

പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയനുസരിച്ച് ഇന്റർനെറ്റ് സേവനങ്ങൾ വ്യാപകമാക്കുന്നതിനും സ്മാർട്ട് സിറ്റി ഉദ്യമങ്ങൾക്കും പ്രയോജനകരമാകുന്നതായിരിക്കും ഫൈവ് ജി സേവനങ്ങൾ ലഭ്യമാക്കുന്നത്. വമ്പൻ കണക്ടിവിറ്റി ഉറപ്പാക്കുന്ന ഫൈവ് ജിക്ക് കുറഞ്ഞ വൈദ്യുതച്ചെലവ് മതിയാകും. സ്വയം നിയന്ത്രിത വാഹനങ്ങളും ഡ്രോണുകളും നിർമിക്കാനും വിദൂരത്തിരുന്ന് സർജറികൾ നടത്താനും ട്രാഫിക്ക് നിയന്തിക്കാനും ഫൈവ് ജി സഹായകമാകും.

ദക്ഷിണ കൊറിയയും ജപ്പാനും 2019 മാർച്ചോടെയും 2020ഓടെ ചൈനയും ഫൈവ് ജി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഫൈവ് ജി സേവനങ്ങൾ ഉറപ്പാക്കണമെങ്കിൽ രാജ്യത്തെ ഫൈബർ നെറ്റ്വർക്ക് ഇരട്ടിയാക്കേണ്ടി വരും.