കനത്ത മഴയിൽ വ്യാപകനാശം;വയനാടും കോഴിക്കോടും ഉരുൾപൊട്ടൽ

കോഴിക്കോട്‌:  കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ല ഒറ്റപ്പെട്ട നിലയിലാണ്. വയനാട് ചുരവും കുറ്റ്യാടി ചുരവും വഴിയുള്ള ഗതാഗതം തടസപ്പെട്ടു. വൈത്തിരിയില്‍ ഉരുള്‍പൊട്ടി. പോലീസ് സ്റ്റേഷന് സമീപം ലക്ഷംവീട് കോളനിയില്‍ വീടിനുമുകളില്‍ മണ്ണിടിഞ്ഞ് ഒരാള്‍ കുടുങ്ങി കിടക്കുന്നു. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.34 ദുരിതാശ്വാസ ക്യാംപുകളിലായി 2259 പേര്‍ കഴിയുന്നുണ്ട്. മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള അതീവ ജാഗ്രതാ നിര്‍ദേശമാണ് അധികൃതര്‍ നല്‍കുന്നത്.

ഡാമിന്‍റെ പരമാവധി സംഭരണ ശേഷി കഴിഞ്ഞതോടെ ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു. ജലനിരപ്പ് ഉയരുന്നതിനാല്‍ പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിരിക്കുകയണ്. അതേസമയം ആശങ്ക വേണ്ടെന്നും ജാഗ്ര പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

മലപ്പുറത്തിന്റെ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. നിലമ്പൂരില്‍ പലയിടത്തും ഉരുൾപൊട്ടി. നാൽപതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കടലുണ്ടി, ചാലിയാർ പുഴകൾ കരകവിഞ്ഞു.

കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ പലയിടത്തും ഉരുള്‍ പൊട്ടലുണ്ടായി‍. മണ്ണിടിച്ചിലിനെ തുടര്‍ന്ന് താമരശേരി ചുരത്തില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ചുരത്തിലെ ഒമ്പതാം വളവിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിടിച്ചില്‍ മൂലം കുററ്യാടി ചുരത്തിലും ഗതാഗതം സ്തംഭിച്ചു. അറുപതിലേറെ പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. നിരവധി വീടുകൾ തകർന്നിട്ടുണ്ട്. മലമുകളില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. ഫയര്‍ ഫോഴ്സും പൊലീസും ശക്തമായ തിരച്ചില്‍ നടത്തുന്നുണ്ട്.

പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ട്, ചെമ്പുകടവ് തുടങ്ങിയ സ്ഥലങ്ങളില്‍ ഉരുള്‍ പൊട്ടി. മരുതോങ്കരയില്‍ വനത്തിലുണ്ടായ ഉരുള്‍ പൊട്ടലിനെത്തുടര്‍ന്ന് കടന്ത്രപ്പുഴയും കുററ്യാടി പുഴയും കര കവിഞ്ഞ് ഒഴുകുകയാണ്.