വെള്ളപ്പൊക്ക ഭീഷണി: നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങുന്നത് നിർത്തിവച്ചു

കൊച്ചി: മഴ കനത്തതോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാന സർവീസ് നിർത്തി വച്ചു. ഉച്ചയ്ക്ക് 1.10 മുതലാണ് വിമാനങ്ങളുടെ ലാൻഡിങ് താത്കാലികമായി നിർത്തിവെച്ചത്. എന്നാൽ ഇവിടെ നിന്ന് വിമാനങ്ങൾ പുറപ്പെടുന്നത് തടസ്സമില്ലാതെ തുടരും. ഇടമലയാറിൽ നിന്ന് എത്തുന്ന വെള്ളം പെരിയാർ കരകവിഞ്ഞ് ചെങ്കൽത്തോടും കവിഞ്ഞൊഴുകിയതോടെയാണ് ലാൻഡിങ് നിർത്തിയത്. റൺവേയിൽ നനവുണ്ടോ എന്ന് പരിശോധിച്ച ശേഷമേ ഇനി വിമാനങ്ങളുടെ ലാൻഡിങ് അനുവദിക്കൂ.

ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് എറണാകുളം ജില്ലാഭരണകൂടം അറിയിച്ചിരിക്കുന്നത്. ചെങ്ങൽ കനാലിന്റെ ആഴം കൂട്ടിയും ബണ്ടുകൾ സ്ഥാപിച്ചും വിമാനത്താവളത്തെ വെള്ളപ്പൊക്കഭീഷണിയിൽ നിന്നും സംരക്ഷിക്കാൻ നടപടികളെടുത്തിരുന്നു. എന്നിരുന്നാലും ഇടമലയാർ ഡാമിന്റെ നാല് ഷട്ടറുകളും തുറന്ന സാഹചര്യത്തിലാണ് വിമാനത്താവളം അടച്ചു പൂട്ടിയത്.