ഇടുക്കി റെഡ് അലർട്ട് : അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ കൂടി തുറന്നു

ഇടുക്കി : ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ കൂടി തുറന്നു. 2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 40 സെന്റി മീറ്ററാണ് ഷട്ടറുകൾ തുറന്നിരിക്കുന്നത്. സെക്കൻഡിൽ ഒന്നേകാൽ ലക്ഷം ലീറ്റർ (125 ക്യുമെക്സ്) വെള്ളമാണ് പുറത്തേക്കു വിടുന്നത്. കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തിലാണ് കൂടുതൽ വെള്ളം പുറത്തേക്കു വിടുന്നത്. അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ഇന്നലെത്തന്നെ അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) പുറപ്പടുവിച്ചിരുന്നു. അർധരാത്രിക്ക് 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. ഇന്ന് രാവിലെ ആറിന് ജലനിരപ്പ് 2400.94 അടിയായി.

ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പുലർത്തണമെന്നു നിർദേശമുണ്ട്. വ്യാഴാഴ്ച വൈകിട്ട് 4.30ന് ട്രയൽ റൺ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ നീരൊഴുക്കു തുടരുന്നതിനാൽ രാത്രിയിലും ട്രയൽ റൺ തുടർന്നു. ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ഇന്നലെ ഉച്ചയ്ക്ക് 12.31 ന് ട്രയൽ റൺ ആരംഭിച്ചത്. മൂന്നാമത്തെ ഷട്ടർ 50 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 50 ഘനമീറ്റർ ജലം വീതമാണ് ഒഴുക്കിവിട്ടത്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 26 വർഷങ്ങൾക്കുശേഷമാണ് ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നത്.