സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ യെമനിൽ 60 മരണം

സൻആ: സൗദിസഖ്യം നടത്തിയ വ്യോമാക്രമണത്തിൽ യെമെനിൽ സ്‌കൂൾവിദ്യാർഥികളുൾപ്പെടെ 60 പേർ കൊല്ലപ്പെട്ടു. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയാണ് യെമനിൽ ആക്രമണം നടത്തുന്നത്. യെമനിലെ സഅദ പ്രവിശ്യയിലെ തിരക്കേറിയ നഗര ഭാഗത്തൂടെ കടന്നു പോവുകയായിരുന്ന സ്‌കൂൾ ബസിനു നേരെയാണ് വ്യോമാക്രമണം നടന്നത്. ആക്രമത്തിൽ ബസിലുണ്ടായിരുന്ന 29 കുട്ടികൾ മരിച്ചു. കൊല്ലപ്പെട്ട കുട്ടികളെല്ലാം 15 വയസിൽ താഴെ മാത്രം പ്രായമുള്ളവരാണ്.

കഴിഞ്ഞ ദിവസങ്ങളിൽ അറബ് സഖ്യസേനയുടെ ആക്രമണത്തിൽ യെമനിലെ സാധാരണക്കാർക്ക് വ്യാപകമായി പരിക്കേറ്റതിനെത്തുടർന്ന് സൗദിക്കെതിരെ വ്യാപക പ്രതിഷേധമാണ് യെമനിൽ ഉയരുന്നത്. യെമൻ തലസ്ഥാനമായ സൻആയിലും കഴിഞ്ഞ രാത്രിയിൽ അറബ് സഖ്യസേന ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. എന്നാൽ ആക്രമണത്തെപ്പറ്റി സൗദി പ്രതികരിച്ചിട്ടില്ല. ആക്രമണത്തിൽ സാരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന കുട്ടികളെ രക്ഷാപ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പലരുടെയും ശരീരഭാഗങ്ങൾ ഛിന്നഭിന്നമായ അവസ്ഥയിലാണ്. അതുകൊണ്ടുതന്നെ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് റെഡ്‌ക്രോസ്.