ആലുവയിൽ ജലനിരപ്പ് ഉയരുന്നു; ബലിതർപ്പണിന് എത്തുന്ന ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

ആലുവ: അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നതോടെ എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ചെറുതോണി, ഭൂതത്താൻകെട്ട്, ഇടമലയാർ അണക്കെട്ടുകൾ തുറന്നതോടെ ആലുവയിലും പരിസരത്തും ജലനിരപ്പുയരുകയാണ്.

ശനിയാഴ്ച പുലർച്ചെ നാലുമണി മുതൽ ഉച്ചവരെയാണ് വാവുബലി തർപ്പണം. ശിവരാത്രി കഴിഞ്ഞാൽ കൂടുതൽ പേർ ബലിതർപ്പണത്തിനായി എത്തുന്നത് കർക്കടക വാവിലാണ്. പതിനായിരക്കണക്കിനു പേരാണ് പെരിയാറിനു തീരത്തുള്ള മണപ്പുറത്ത് ബലിതർപ്പണം നടത്തി മടങ്ങുന്നത്. പുഴയോരത്ത് 121 ബലിത്തറകൾ ഒരുക്കാൻ ഇത്തവണ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. എന്നാൽ ഇടമലയാറിനു പിന്നാലെ ഇടുക്കി അണക്കെട്ടും തുറന്നുവിട്ടതോടെ മണപ്പുറത്തെ ജലനിരപ്പ് ശനിയാഴ്ചയോടെ താഴാൻ ഇടയില്ലെന്നാണ് കരുതുന്നത്. ഇതോടെ ഉയർന്ന പ്രദേശത്തു വച്ച് ബലിതർപ്പണം നടത്തേണ്ടി വരും. ബലിതർപ്പണം ചെയ്യാൻ വരുന്നവർ ജാഗ്രത പുലർത്തണമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്.

ആലുവയിൽ ആയിരത്തിലധികം വീടുകളിലാണ് വെള്ളം കയറിയത്. ഏലൂർ, കുറ്റിക്കാട്ടുകര പ്രദേശങ്ങളിൽ നിന്നെല്ലാം ജനങ്ങളെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക്  മാറ്റി പാർപ്പിച്ചിട്ടുണ്ടെങ്കിലും വീട്ടുപകരണങ്ങളും മറ്റും വെള്ളം കയറി നശിച്ചു.