കാഴ്ച കാണലും സെൽഫി എടുക്കലും വേണ്ട; ബലിതർപ്പണത്തിനെത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാലവർഷത്തിന്റെ ദുരിത പെയ്ത്തിൽ അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ സംഭവിക്കാതിരിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ഈ അവസരത്തിൽ ജനങ്ങൾ ദുരിത മേഖലകളിലേക്കുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ശനിയാഴ്ച മുഖ്യമന്ത്രി പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. രാവിലെ 7.30 മുതലാണ് സന്ദർശനം. ഹെലികോപ്റ്റർ മാർഗമാകും ദുരിത മേഖലയിലെത്തുക. മുഖ്യമന്ത്രിക്കൊപ്പം റവന്യുമന്ത്രി, ചീഫ് സെക്രട്ടറി, ഡി.ജി.പി. എന്നിവരും ഉണ്ടാകും.

കാഴ്ച കാണാനും സെൽഫി എടുക്കാനുമുള്ള ശ്രമങ്ങൾ കെടുതി നേരിടാനുള്ള സർക്കാരിന്റെ പരിശ്രമത്തോടുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചു. കൂടാതെ കർക്കടക വാവു ബലിയുടെ പശ്ചാത്തലത്തിൽ, ബന്ധപ്പെട്ടവരും പൊലീസ് ഉദ്യോഗസ്ഥരും നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.