സൗദി: നീതിന്യായ മന്ത്രാലയത്തിനു കീഴിൽ പുതിയ ലേബർ കോടതികൾ സ്ഥാപിക്കുന്നതിന് ധാരണ

ദമാം: സൗദിയിൽ നീതിന്യായ മന്ത്രാലയത്തിനു കീഴിൽ പുതിയ ലേബർ കോടതികൾ സ്ഥാപിക്കുന്നതിന് ധാരണയായി. നീതിന്യായ മേഖയിൽ നടപ്പാക്കുന്ന പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഇത് സംബന്ധിച്ച കരാറിൽ തൊഴിൽ സാമൂഹിക വികസന മന്ത്രി എൻജിനിയർ അഹമദ് അൽ റാജിയും നീതിന്യായ മന്ത്രിയും സുപ്രിം ജുഡിഷ്യറി കൗൺസിൽ പ്രസിഡന്റുമായ ശൈഖ് ഡോ. വലീദ് അൽസ്വം ആനിയും ഒപ്പ് വെച്ചു. രാജ്യത്തെ ഏഴ് പ്രവിശ്യകളിലെ പ്രധാന നഗരങ്ങളിലായിരിക്കും തുടക്കത്തിൽ കോടതികൾ പ്രവർത്തനമാരംഭിക്കുക.

അടുത്ത വർഷം ആദ്യം കോടതികൾ പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലുള്ള ലേബർ ഓഫീസുകളിൽ പ്രവർത്തിക്കുന്ന തൊഴിൽ തർക്ക പരിഹാര സമിതികളാണ് നിലവിൽ കേസുകൾ വിചാരണ ചെയ്യുന്നത്.