അനുമതിപത്രമില്ലാതെ ഹജ്ജിനെത്തിയ രണ്ടു ലക്ഷത്തോളം പേരെ തിരിച്ചയച്ചു

ജിദ്ദ: അനുമതി പത്രമില്ലാതെ ഹജ്ജിനെത്തിയ 1,99,404 പേരെ മക്കയുടെ പ്രവേശന കവാടങ്ങളിൽ നിന്ന് തിരിച്ചയച്ചതായി ഹജ്ജ് സുരക്ഷാ സേന മേധാവി ജനറൽ ഖാലിദ് അൽ ഹർബി അറിയിച്ചു. ഈ വർഷത്തെ ഹജ്ജ് സീസൺ ആരംഭിച്ച ശേഷമാണ് ഇത്രയും പേരെ മക്കയ്ക്കു സമീപമുള്ള ചെക്ക് പോസ്റ്റുകളിൽ നിന്ന് തിരിച്ചയച്ചത്. പ്രത്യേക പെർമിറ്റ് ഇല്ലാതെ മക്കയിൽ പ്രവേശിച്ച 89,039 വാഹനങ്ങളെയും തിരിച്ചയച്ചു.

ഹജ്ജിനു അനുമതിപത്രമില്ലാതെ നുഴഞ്ഞു കയറുന്നതു തടയുന്നതിനും നിയമലംഘകരെ പിടികൂടുന്നതിനും മക്കക്ക് സമീപമുള്ള മുഴുവൻ നിരത്തുകളിലും താൽക്കാലിക ചെക്ക് പോയിന്റുകൾ സ്ഥാപിച്ചതായി ഹൈവേപോലീസ് മേധാവി ജനറൽ സായിദ് അൽ തുവയ്യാൻ പറഞ്ഞു. മക്കയിലേക്ക് കടക്കാൻ സഹായിക്കുന്നവർക്കെതിരെയും ശിക്ഷാ നടപടികൾ സ്വീകരിക്കും. നിയമ ലംഘകരായ വിദേശികളുടെ വിരലടയാളം രേഖപ്പെടുത്തിയ ശേഷം നാടുകടത്തും. കൂടാതെ പത്തുവർഷം കഴിയാതെ ഇവർക്ക് പുതിയ വിസയിൽ വീണ്ടും രാജ്യത്തു പ്രവേശിക്കുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും. സന്ദർശന വിസകളിലുള്ളവർക്ക് ഹജ്ജ് കർമ്മം നിർവഹിക്കുന്നിതിനു നിലവിൽ വിലക്കുണ്ട്.