ജയരാജനെ മന്ത്രിയാക്കുന്നത് അധാർമികം: എം.എം ഹസൻ

തിരുവനന്തപുരം: ഇ.പി. ജയരാജനെ മന്ത്രിസഭയിൽ തിരിച്ചെടുക്കാനുള്ള തീരുമാനം തികച്ചും അധാർമികമാണെന്നു കെ.പി.സി.സി അധ്യക്ഷൻ എം. എം ഹസൻ. അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിച്ച് അധികാരത്തിലെത്തിയ സി.പി.എം അഴിമതിക്കാരനാണെന്നു കണ്ടെത്തിയ വ്യക്തിയെ മുഖ്യമന്ത്രിയുടെ ചുമതല നൽകിയാണു വരവേൽക്കുന്നത്. എ.കെ ശശീന്ദ്രനെയും വെള്ളപൂശി തിരിച്ചെടുത്തു. തോമസ് ചാണ്ടിയെയും കൂടി തിരിച്ചെടുത്താൽ പിണറായിയുടെ അഴിമതിക്കെതിരേയുള്ള പോരാട്ടം പൂർണമാകുമെന്നും ഹസൻ പറഞ്ഞു.

രണ്ടുവർഷം കൊണ്ടു തേഞ്ഞുമാഞ്ഞു പോകുന്നതാണോ അഴിമതിയുടെ പാപക്കറകളെന്നു ഹസൻ ചോദിച്ചു. മന്ത്രിയെന്ന നിലയിൽ കെ.ടി. ജലിന്റെയും പ്രൊഫ.സി രവീന്ദ്രനാഥിന്റെയും സമ്പൂർണ തകർച്ചയ്ക്ക് മറ പിടിക്കാനാണ് വകുപ്പുമാറ്റം നടത്തിയതെന്നു വ്യക്തം. യു.ഡി.എഫ് മന്ത്രിസഭയിൽ 21 മന്ത്രിമാരും ഒരു ചീഫ് വിപ്പും ഉണ്ടായപ്പോൾ രൂക്ഷവിമർശനം നടത്തിയ ഇടതുപക്ഷത്തിന്റെ മന്ത്രിസഭയിൽ ഇപ്പോൾ 20 പേരായി. സിപി.ഐക്കു കാബിനറ്റ് പദവിയുള്ള ചീഫ് വിപ്പിനെ നൽകുന്നു. ഇതോടെ കാബിനറ്റ് പദവിയിൽ വി.എസ് അച്യുതാനന്ദനും ബാലകൃഷ്ണ പിള്ളയും ഉൾപ്പെടെ മൂന്നു പേരായി.

സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്നും എല്ലാവരും മുണ്ടുമുറുക്കിയുടുക്കണമെന്നും പറയുന്ന മുഖ്യമന്ത്രിക്ക് ഈ ധൂർത്തിനെക്കുറിച്ച് എന്താണു പറയാനുള്ളത്? അധികാരത്തിന്റെ ഒരു തുണ്ട് അപ്പക്കഷണം കിട്ടിയപ്പോൾ സിപിഐയും പറഞ്ഞെതെല്ലാം വിഴുങ്ങിയെന്നു ഹസൻ പറഞ്ഞു. അഴിമതിയുടെ കറപുരണ്ടയാളെ മന്ത്രിയാക്കി സത്യപ്രതിജ്ഞ ചെയ്യിക്കണോയെന്നു ന്യായാധിപൻ ആയിരുന്ന ഗവർണർ ചിന്തിക്കണമെന്നു ഹസൻ അഭ്യർത്ഥിച്ചു.