ഭാര്യക്ക് പിറന്നാൾ ദിനത്തിൽ സർപ്രൈസ് നൽകാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

മുംബൈ: ഭാര്യക്ക് പിറന്നാൾ ദിനത്തിൽ സർപ്രൈസ് നൽകാൻ ജനാല വഴി ഫ്‌ലാറ്റിൽ കടക്കാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. മുംബൈയിലെ സാന്താക്രൂസ്‌ എന്ന ഫ്‌ലാറ്റ് സമുച്ചയത്തിലാണ് സംഭവം നടന്നത്. ഐടി പ്രഫഷണലായ തോജസ് ദുബെ എന്ന യുവാവാണ് ഫ്‌ലാറ്റിന്റെ ആറാം നിലയിൽ നിന്ന് വീണ് മരിച്ചത്.

ഭാര്യയുടെ പിറന്നാൾ പ്രമാണിച്ച് ജോലി സ്ഥലത്ത് നിന്നും മുബൈയിൽ എത്തിയ തേജസ് കൂട്ടുകാരന്റെ ഫ്‌ലാറ്റിലാണ് താമസിച്ചിരുന്നത്. ഇരുവരും ചേർന്ന് ആറാം നിലയിലുള്ള ഫ്‌ലാറ്റിന്റെ ജനാല വഴി സർപ്രൈസ് നൽകാൻ തീരുമാനിക്കുകയായിരുന്നു. രാവിലെ അഞ്ചരയോടെ തേജസ് ഫ്‌ലാറ്റിന്റെ മുമ്പിലെത്തി. തേജസ് കൂട്ടുകാരനെ താഴെ നിർത്തി മുകളിലേക്ക് കയറുകയായിരുന്നു. ജനലിലൂടെ ഉള്ളിലേക്ക് കടക്കുന്നതിന്റെ ഇടയ്ക്ക് നിലതെറ്റി താഴേക്ക് വീണു.

വാച്ച് മാനാണ് തേജസിനെ ആശുപത്രിയിൽ എത്തിക്കുന്നത്. സംഭവം നടക്കുമ്പോൾ ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. 2014 മുതൽ ബെൽജിയത്തിൽ ജോലി നോക്കുകയാണ് തേജസ്. ഭാര്യ പൂനെയിൽ സോഫ്റ്റ് എൻജിനിയറാണ്. പ്രണയിച്ച് വിവാഹിതരായവരാണ് ഇവർ.