യു.എ.ഇ.യിൽ സ്വർണവിലയിൽ റെക്കോർഡ് കുറവ്

ദുബായ്: യു.എ.ഇ.യിൽ സ്വർണവിലയിൽ വീണ്ടും കുറവ്. 17 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയാണിത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 136.75 ദിർഹമാണ് തിങ്കളാഴ്ചത്തെ നിരക്ക്. 24 കാരറ്റ് സ്വർണം ഗ്രാമിന് 145.50 ദിർഹമാണ്.

ആഗോള തലത്തിൽ സ്വർണവിലയിൽ ഉണ്ടായ ഇടിവാണ് യു.എ.ഇ.യിലും പ്രതിഫലിച്ചത്. തുർക്കിപ്രതിസന്ധിയാണ് സ്വർണവിലയിലെ ഇടിവിന് കാരണം. അമേരിക്കൻ ഡോളർ ശക്തിപ്പെട്ടതോടെ ആളുകൾ നിക്ഷേപം ഡോളറിലേക്ക് മാറ്റി. പുതിയ യു.എസ്. സാമ്പത്തികനയമാകട്ടെ സ്വർണനിക്ഷേപത്തിന് അനുകൂലവുമല്ല. ഇതും സ്വർണവില ഇടിയാൻ കാരണമായി. വില ഇടിഞ്ഞിട്ടുണ്ടെങ്കിലും സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായിട്ടില്ല. അടുത്തമാസത്തോടെ സ്വർണവില കൂടും എന്നാണ് ഈ മേഖലയിലെ വിദഗ്ധർ പ്രവചിക്കുന്നത്. രൂപയുടെ മൂല്യം ഇടിഞ്ഞതിനാൽ പണം ചെലവഴിക്കുന്നത് പരമാവധി കുറയ്ക്കുകയാണ് പ്രവാസികൾ.