മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137 അടി കടന്നു; ജാഗ്രതാ നിർദേശം

ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137 അടി കടന്നതോടെ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് കൂടുന്നത് നേരിയ ആശങ്ക ഉയർത്തുന്നുണ്ടെങ്കിലും തമിഴ്‌നാട്ടിൽ മഴ കുറവായതിനാൽ മുല്ലപ്പെരിയാറിൽ നിന്ന് വൈഗ അണക്കെട്ടിലേക്ക് തമിഴ്‌നാട് കൂടുതൽ വെള്ളം കൊണ്ടുപോകുമെന്നാണ് വിലയിരുത്തൽ. തമിഴ്‌നാട് നിലവിൽ സെക്കൻറിൽ 2,200 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്.

നീരൊഴുക്ക് കൂടിയതോടെ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് നേരിയ തോതിൽ ഉയരുന്നു. ചെറുതോണി ഷട്ടറിലൂടെ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിൻറെ അളവ് കുറച്ചതും ജലനിരപ്പ് ഉയരുന്നതിന് കാരണമാകുന്നുണ്ട്. പതിനൊന്ന് മണിയോടെ ചെറുതോണി ഷട്ടറിലൂടെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിൻറെ അളവ് പ്രതിസെക്കൻറിൽ നാലര ലക്ഷം ലിറ്ററിൽ നിന്ന് മൂന്ന് ലക്ഷമാക്കി കുറച്ചിരുന്നു. രണ്ട്, മൂന്ന്, നാല് ഷട്ടറുകൾ 1.1 മീറ്റർ മാത്രമാണ് നിലവിൽ തുറന്ന് വച്ചിരിക്കുന്നത്. എന്നാൽ പീരുമേട്ടിലടക്കം മഴ കൂടിയതോടെ നീരൊഴുക്ക് കൂടി, അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. ഇടുക്കിയുടെ മറ്റിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. മാട്ടുപ്പെട്ടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും തുറന്നു. മൂന്നാർ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. പഴയ മൂന്നാറിൽ ദേശീയപാതയിൽ വെളളം കയറി.