കനത്ത മഴ: സംസ്ഥാനത്ത് ഇന്ന് ഏഴ് മരണം

കോഴിക്കോട് : കനത്ത മഴ തുടരുന്നതിനിടെ മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് ഏഴ് പേർ മരിച്ചു. ഇതോടെ മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 49 ആയി. കൊണ്ടോട്ടിയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് പൂച്ചാലിൽ കല്ലാടിപ്പാറയിൽ അസീസ്, ഭാര്യ സുനീറ, മകൻ ഉബൈദ് എന്നിവർ മരിച്ചു. കോഴിക്കോട് അഞ്ചിടങ്ങളിൽ ഉരുൾപൊട്ടി.

മൂന്നാറിൽ ലോഡ്ജിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു.തമിഴ്നാട് സ്വദേശി മദനൻ എന്നയാളാണ് മരിച്ചത്. പോസ്റ്റ് ഓഫീസിന് സമീപത്തെ ശരവണ ഇൻ എന്ന ലോഡ്ജാണ് തകർന്നത്. സമീപത്തെ വീടിനും കേടുപാടുകൾ സംഭവിച്ചു. അപകട സമയത്ത് ലോഡ്ജിൽ മറ്റ് ഏഴു പേരുണ്ടായിരുന്നു. ഇവർ സുരക്ഷിതരാണ്.

ഇടുക്കി ഏല്ലയ്ക്കലിൽ ഉരുൾപൊട്ടലിൽ കാണാതായ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. റാന്നി ഇട്ടിയപ്പാറ ബൈപ്പാസിൽ മുങ്ങിയ വീടിനുള്ളിൽ ഷോക്കേറ്റ് ഒരാൾ മരിച്ചു. ചുഴുകുന്നിൽ ഗ്രേസി (70) യാണ് മരിച്ചത്. തിരുവനന്തപുരം ചിറയിൻകീഴിൽ വീടിന്റെ ചുവരിടിഞ്ഞ് വീണ് ഒരാൾ മരിച്ചു.