റാന്നിയിൽനിന്ന് നാവികസേന രക്ഷപെടുത്തിയവർ തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം: റാന്നിയിൽ നിന്ന് നാവികസേന രക്ഷിച്ച ഏഴുപേരെ തിരുവനന്തപുരത്തെത്തിച്ചു. മാമുക്ക് സ്വദേശികളാണ് തിരുവനന്തപുരത്തെത്തിയത്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ വീട്ടിലേക്ക് വെള്ളം കയറുകയായിരുന്നെന്ന് രക്ഷപെട്ടവർ പറഞ്ഞു. തൊട്ടടുത്തുള്ള ഇരുനില വീട്ടിലേക്ക് ഉടൻ തന്നെ മാറിയെങ്കിലും ഇന്ന് രാവിലെയോടെ അവിടെയും വെള്ളമെത്തുകയായിരുന്നു. പത്ത് വീടുകളിലായി നാല്പതോളം പേർ കുടുങ്ങിക്കിടക്കുകയായിരുന്നെന്നാണ് വിവരം.

പഞ്ചായത്തംഗത്തെ ഫോണിൽ വിളിച്ച് സഹായം അഭ്യർഥിക്കുകയായിരുന്നു. നാട്ടുകാർ ശ്രമിച്ചെങ്കിലും ഇവരെ പുറത്തെത്തിക്കാനായില്ല.
തുടർന്നാണ് ഇന്ന് നാവികസേനയുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനം ഇവർക്ക് തുണയായത്. ഹെലികോപ്ടറിൽ എത്തിയാണ് രക്ഷാപ്രവർത്തകർ ഇവരെ പുറത്തെത്തിച്ചത്. കിടപ്പുരോഗികളടക്കമുള്ളവർ ഇപ്പോഴും വീട്ടിനുള്ളിലുണ്ട്. അവരെയും എത്രയും വേഗം പുറത്തെത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും രക്ഷപെട്ടവർ പറഞ്ഞു. ചാക്കയിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് ഇവരെ കൊണ്ടുപോയത്.