‘ചരിത്രം വഴിമാറും ചിലർ വരുമ്പോൾ’; ടൂറിനായി ബഹിരാകാശത്തേക്ക് പോയ നാലുപേർ തിരിച്ചെത്തി

NRI DESK : ബഹികാരാകാശ വിദഗ്ദ്ധരല്ലാതിരുന്നിട്ടും മൂന്നുദിവസം ബഹിരാകാശ യാത്ര നടത്തി ചരിത്രം സൃഷ്ടിച്ച നാല് സാധാരണക്കാർ ഭൂമിയിൽ തിരിച്ചെത്തി. ഇലോൺ മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് വിക്ഷേപിച്ച ഡ്രാഗണ്‍ പേടകത്തിലേറിയാണ് ഇവർ നാലുപേരും ഇക്കഴിഞ്ഞ പതിനാറിന് നിഗൂഢതകളും വിസ്മയങ്ങളും നിറഞ്ഞ ബഹിരാകാശത്തേക്ക് കുതിച്ചത്. മൂന്ന് ദിവസം ഭൂമിയെ വലം വച്ചശേഷമാണ് ഇവർ വിജയകരമായി തിരിച്ചെത്തിയത്. സഞ്ചാരികളെ വഹിച്ചുള്ള പാരച്യൂട്ട് ഫ്ലോറിഡക്ക് സമീപം അറ്റ്ലാന്‍റിക് സമുദ്രത്തിലാണ് ഇറങ്ങിയത്.

വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 5.30 ഓടെയായിരുന്നു ഇവർ യാത്ര തിരിച്ചത്. സ്പേസ് എക്സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് ഡ്രാഗണ്‍ കാപ്സ്യൂളിനെ ബഹിരാകാശത്ത് എത്തിച്ചത്. വിക്ഷേപണം നാസയുടെ കെന്നഡി സ്പേസ് എക്സ് സെന്ററിൽ നിന്നായിരുന്നു. മുപ്പത്തെട്ടുകാരനായ ജാറെദ് അടക്കം രണ്ട് പുരുഷന്മാരും, രണ്ട് സ്ത്രീകളുമാണ് സംഘത്തിലുള്ളത്. കാൻസറിനെതിരെ പൊരുതി ജയിച്ച ഫിസിഷ്യനായ ഹെയ്ലി എന്ന 29 കാരിയാണ് ഇതിലെ ശ്രദ്ധേയ അംഗം. ഇത്തരത്തില്‍ ബഹിരാകാശ യാത്ര നടത്തുന്ന ആദ്യത്തെ ആളാണ് ഹെയ്ലി. ‘ഇന്‍സ്പിരേഷന്‍ 4’ന് പണം മുടക്കി അതിലെ പ്രധാന യാത്രക്കാരന്‍ ശതകോടീശ്വരനായ ജാറെദ് ഐസക്മാനാണ്. ഇദ്ദേഹം തന്നെയാണ് ഒപ്പം സഹയാത്രികരായ മൂന്നുപേരുടെയും ചിലവ് വഹിക്കുന്നത്.

ഹോളിവുഡിലെ സൂപ്പര്‍ഹീറോ ചിത്രം ‘ഫെന്‍റാസ്റ്റിക്ക് 4നെ’ അനുസ്മരിപ്പിക്കും പോലെയാണ് ഈ ദൗത്യത്തിന് ‘ഇന്‍സ്പിരേഷന്‍ 4’ എന്ന പേര് സ്പേസ് എക്സ് നല്‍കിയത്. അമേരിക്കയിലെ കാലിഫോർണിയ കേന്ദ്രീകരിച്ചു‌ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബഹിരാകാശ-സംരംഭമാണ് സ്പേസ് എക്സ് (സ്പേസ് എക്സ്പ്ലോറേഷൻ ടെക്നോളജീസ് കോർപ്പറേഷൻ). ഈലോൺ മസ്ക് ആണ് സി.ഇ.ഓ. ബഹിരാകാശ യാത്രയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്പേസ് എക്സിന്റെ ലക്ഷ്യം അതിന്റെ ചിലവ് കുറക്കുക എന്നതും, ചൊവ്വാ കുടിയേറ്റം സാധ്യമാക്കുക എന്നതുമായിരുന്നു.