കലി തുള്ളി കാലവര്‍ഷം. വടക്കന്‍ കേരളത്തില്‍ വ്യാപക നാശനഷ്ടം

കോഴിക്കോട്‌: വടക്കന്‍ കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ വ്യാപക നാശനഷ്ടം. കോഴിക്കോട്ട് നാലിടത്തും, മലപ്പുറം എടവണ്ണയിലും ഉരുള്‍പ്പോട്ടലുണ്ടായി.പുല്ലൂരാംപാറ , കക്കയം, മങ്കയം, ഈങ്ങാപ്പാറ, കട്ടിപ്പാറ എന്നിവിടങ്ങളിലാണ് ഉരുള്‍പ്പോട്ടലുണ്ടായത്. കട്ടിപ്പാറയില്‍ ഉണ്ടായ ഉരുള്‍പ്പോട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പത്ത് പേരെ കാണാതായി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കോഴിക്കോട് കള്‌ക്ട്രേറ്റില്‍ കളക്ടറുടെ അദ്ധ്യക്ഷതയില്‍ അടിയന്തിര യോഗം ചേര്‍ന്നു. അവധിയില്‍ പോയ ഉദ്യോഗസ്ഥര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി.
അടുത്ത 48 മണിക്കൂര്‍ സംസ്ഥാനത്ത് കനത്ത മഴ തുടരും എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലവര്‍ഷകെടുതി നേരിടന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.