കട്ടിപ്പാറ ഉരുള്‍പൊട്ടല്‍: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ 13 ആയി

കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോല ഉരുൾപൊട്ടലിൽ കാണാതായവരിൽ നാല് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. ശേഷിക്കുന്ന രണ്ടു പേർക്കായുള്ള തിരച്ചിൽ നാളെയും തുടരും.

ഉരുൾപൊട്ടലിൽ കാണാതായ കരിഞ്ചോല ഹസന്റെ മകൾ നുസ്രത്ത് , നുസ്രത്തിന്റെ മകൾ റിൻഷ മെഹറിൻ, മുഹമ്മദ്‌റാഫിയുടെ ഭാര്യ ഷംന , മകൾ നിയ ഫാത്തിമ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് പുറത്തെടുത്തത്. വൈകിട്ട് മൂന്നരയോടെയാണ് ഹസന്റെ വീടിരുന്നതിനും 250 മീറ്ററോളം താഴെ ചളിയിൽ താഴ്ന്ന നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. അപകടത്തിൽ കരിഞ്ചോല അബ്ദുറഹിമാന്റെ ഭാര്യ നഫീസ, ഹസന്റെ ഭാര്യ ആസ്യ എന്നിവരെ കൂടി കണ്ടെത്താനുണ്ട്.

ദേശീയ ദുരന്ത നിവാരണ സേനയുടെ 40 പേർ വീതമുള്ള രണ്ട് യൂണിറ്റുകൾ, 280 പേരുള്ള ഫയർ ഫോഴ്‌സ് വിഭാഗം, 10 സന്നദ്ധ സംഘടനകളിലെ 185 പ്രവർത്തകർ, അമ്പതിലധികം പൊലീസുകാർ, നാട്ടുകാർ തുടങ്ങിയവരാണ് തിരച്ചിൽ നടത്തുന്നത്. ഏഴ് മണ്ണ് മാന്തി യന്ത്രങ്ങൾ, പാറപൊട്ടിക്കുന്നതിനുള്ള രണ്ട് യന്ത്രങ്ങൾ തുടങ്ങിയ ഉപയോഗിച്ചാണ് പരിശോധന. തിരച്ചിൽ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു യൂണിറ്റും 200 ഫയർ ഫോഴ്‌സുകാരും ചേർന്നാണ് പ്രദേശത്ത് തിരച്ചിൽ നടത്തിയത്.

ദുരിതബാധിതർക്കായി കട്ടിപ്പാറ വില്ലേജിൽ ആരംഭിച്ച മൂന്ന് ക്യാമ്പുകളുടെ പ്രവർത്തനങ്ങൾ തുടരുകയാണ്. ഗവ. യു.പി സ്‌കൂൾ വെട്ടിയൊഴിഞ്ഞതോട്ടം, ചുണ്ടൻകുഴി സ്‌കൂൾ, കട്ടിപ്പാറ നുസ്രത്ത് സ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.