വരാപ്പുഴ കസ്റ്റഡി മരണം: എസ്പി ജോർജ് പ്രതിയാകില്ല

വാരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ ആലുവ മുൻ റൂറൽ എസ് പി എ വി ജോർജിനെ പ്രതിയാക്കില്ല. ജോർജിനെ പ്രതിയാക്കേണ്ടതില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായർ പ്രത്യേക അന്വേഷണസംഘത്തിന് നിയമോപദേശം നൽകി. നിയമോപദേശം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസ് അന്വേഷണ സംഘത്തിന് കൈമാറി.  ജോർജിനെതിരെ വകുപ്പുതല നടപടി മാത്രമാകും ഉണ്ടാവുക.

പൊലീസ് കസ്റ്റഡിയിലായിരിക്കെ മർദനമേറ്റു ശ്രീജിത് എന്ന യുവാവ് മരിച്ച കേസിൽ മേയ് പതിനേഴിനാണു പ്രത്യേക സംഘം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിൽ നിന്ന് നിയമോപദേശം തേടിയത്. ഇതു വൈകുന്നത് അന്വേഷണത്തെ ബാധിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ ജോർജ് സസ്‌പെൻഷനിലാണ്.

എന്നാൽ, ശ്രീജിത്തിന്റെ കാര്യത്തിൽ താൻ ഇടപെട്ടത് ആലുവ ഡിവൈഎസ്പിയുടെ റിപ്പോർട്ട് കണക്കിലെടുത്താണെന്ന് എ.വി. ജോർജ് അന്വേഷണ സംഘത്തിനു മൊഴി നൽകിയിരുന്നു. സിഐയും എസ്‌ഐയുമടക്കം പത്തു പൊലീസ് ഉദ്യോഗസ്ഥർ കേസിൽ പ്രതികളാണ്. പ്രതികളുടെയും ചില സാക്ഷികളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം നിയമോപദേശം തേടിയത്.

കേസിലെ പ്രതികളായവരെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്ന വിവരത്തെത്തുടർന്ന് അന്വേഷണ സംഘം എ.വി. ജോർജിനെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. ജോർജിനെതിരെ ഒരു ഡിവൈഎസ്പിയടക്കമുള്ള പൊലീസുകാരുടെ മൊഴികളും ചില മാധ്യമവാർത്തകളുമടക്കമുള്ള തെളിവുകളാണ് അന്വേഷണ സംഘത്തിന്റെ കയ്യിലുള്ളത്.