എഎപിയുടെ മാർച്ചിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്

ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസഹകരണത്തിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്താനായിരുന്നു ആം ആദ്മി പാർട്ടി തീരുമാനം. എന്നാൽ അവസാന നിമിഷം പൊലീസ് മാർച്ചിന് അനുമതി നിഷേധിക്കുകയായിരുന്നു. മാർച്ചിന് അനുമതി തേടിയിട്ടില്ലെന്നാണ് പോലീസ് വൃത്തങ്ങളുടെ വിശദീകരണം.

ഡൽഹി സർക്കാരിനെ അട്ടിമറിക്കാനായി കേന്ദ്രസർക്കാർ അധികാരം ദുർവിനിയോഗം ചെയ്യുകയാണെന്നാരോപിച്ചാണ് ആം ആദ്മി പാർട്ടി മാർച്ച് നടത്താൻ തീരുമാനിച്ചത്. മാർച്ചിന് അനുമതി നിഷേധിച്ചതോടെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധ മാർച്ച് മുന്നിൽ കണ്ട് ഡൽഹി മെട്രോയുടെ അഞ്ച് സ്‌റ്റേഷനുകൾ താത്കാലികമായി പോലീസ് അടച്ചു.