റൊമേലു ലുക്കകുവിന്റെ ഇരട്ടഗോള്‍ മികവില്‍ ബെല്‍ജിയത്തിന് ആദ്യ ജയം

പനാമയ്‌ക്കെതിരെ ബെൽജിയത്തിന് ഉജ്വല ജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബെൽജിയം പനാമയെ തോൽപിച്ചത്. റൊമേലു ലുക്കാകു ഇരട്ടഗോൾ നേടി.

ലോകകപ്പ് ഫുട്‌ബോളിൽ കന്നിക്കാരെങ്കിലും ആദ്യ പകുതിയിൽ ലോക റാങ്കിംഗിൽ മൂന്നാം സ്ഥാനക്കാരായ ബെൽജിയത്തെ പിടിച്ചുകെട്ടാൻ പനാമയ്ക്കായി. എന്നാൽ രണ്ടാം പകുതിയിൽ കരുത്തരായ ബെൽജിയം ശക്തമായി തിരിച്ചെത്തി. ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ബെൽജിയം വിജയിച്ചു. ഇരട്ട ഗോളുമായി റൊമേലു ലുകാക്കു വരവറിയിച്ചപ്പോൾ മെർട്ടെൻസും ഒരു ഗോൾ നേടി വിജയത്തിൽ തന്റെ പങ്ക് വ്യക്തമാക്കി.

കരുത്തരായ ബെൽജിയത്തിന്റെ കെവിൻ ഡിബ്രുയ്‌നെ-ലുകാക്കു-ഏഡൻ ഹസാർഡ് ത്രയത്തിനെ തടയാൻ ആദ്യ പകുതിയിൽ പനാമയ്ക്കായി. ഇതോടൊപ്പം ആദ്യ പകുതിയിൽ ഗോൾ വഴങ്ങാതിരിക്കാനും പനാമയ്ക്കായി. ഇടയ്ക്ക് ചില മുന്നേറ്റങ്ങൾ നടത്തി എന്നതൊഴിച്ചാൽ ഡിഫൻസിലായിരുന്നു ഏറെ നേരവും പനാമയുടെ ശ്രദ്ധ. എന്നാൽ രണ്ടാം പകുതിയിൽ കളിമാറി. 48-ആം മിനിറ്റിൽ സ്‌െ്രെടക്കർ ഡ്രിയെസ് മെർട്ടെൻസിന്റെ ഒരു ഫുൾ വോളി ഗോളിലൂടെ ബെൽജിയം ലീഡ് നേടി. എത്ര തടുത്തെങ്കിലും ബെൽജിയത്തിന്റെ കരുത്തരായ മൂവർ സംഘത്തിന്റെ മുന്നേറ്റം തടയാൻ പനാമയ്ക്കായില്ല. 70-ആാം മിനിറ്റിൽ ഒരു ഹെഡർ ഗോളാക്കി ലുകാക്കു ലീഡ് ഉയർത്തി. ആറ് മിനിറ്റിനുശേഷം ലുകാക്കു വീണ്ടും ലക്ഷ്യം കണ്ടു. ഹസാർഡിന്റെ പാസ് പിടിച്ചെടുത്ത ലുകാക്കു ഒറ്റയ്ക്ക് മുന്നേറി ബെൽജിയത്തിന്റെ മൂന്നാം ഗോൾ സമ്മാനിച്ചു.