സൗദി ഫുട്‌ബോൾ ടീം സഞ്ചരിച്ച വിമാനത്തിന് തീപിടിച്ചു; താരങ്ങൾ സുരക്ഷിതർ

ഫിഫ ലോകകപ്പിനുള്ള സൗദി അറേബ്യയുടെ ദേശീയ ഫുട്‌ബോൾ ടീം സഞ്ചരിച്ച വിമാനത്തിന്റെ എൻജിനിൽ തീ കണ്ടത് പരിഭ്രാന്തി പരത്തി. ഇതേത്തുടർന്ന് അടിയന്തരമായി നിലത്തിറക്കിയ വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ലോകകപ്പിന്റെ രണ്ടാം ഗ്രൂപ്പ് മൽസരത്തിനായി താരങ്ങളെയും കൊണ്ട് ഡോണിലേക്ക് പോയ ഔദ്യോഗിക വിമാനത്തിനാണു തീപിടിച്ചത്.

എന്നാൽ തീപിടിത്തമായിരുന്നില്ലെന്നും വിമാനത്തിൽ പക്ഷി വന്നിടിച്ചതുകൊണ്ടുണ്ടായ തകരാറാണ് ഉണ്ടായതെന്ന പിഴവാണെന്നുമാണ് വിമാനക്കമ്പനിയുടെ വിശദീകരണം.

റോസ്സിയ എയർബസ് എ319 ആണ് സെന്റ് പീറ്റേഴ്‌സ്ബർഗിൽനിന്ന് റോസ്‌തോവ് ഓൺ ഡോണിലേക്കു താരങ്ങളെ കൊണ്ടുപോയത്. ബുധനാഴ്ച യുറുഗ്വായ്‌ക്കെതിരെയാണു സൗദിയുടെ രണ്ടാം മൽസരം.

എൻജിനു തീപിടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.

ആശങ്കയ്ക്ക്് വിരാമമായത് ടീമിന്റെ ഔദ്യോഗിക ട്വീറ്റ് വന്നതോടെയാണ്. തങ്ങൾ സുരക്ഷിതരായി റോസ്‌തോവ് ഓൺ ഡോണിൽ എത്തിയതായി സൗദി നാഷണൽ ടീം ട്വിറ്ററിൽ കുറിച്ചു.