ഒടുവിൽ പിടി വീണു; തമിഴ് റോക്കേഴ്‌സിന്റെ വെബ്സൈറ്റ് സസ്പെൻഡ് ചെയ്തു

സിനിമകളുടെ വ്യാജപകർപ്പുകൾ ഇന്റർനെറ്റ് വഴി പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്‌സിന്റെ വെബ്സൈറ്റ് സസ്പെൻഡ് ചെയ്തു. ആന്റി പൈറസി സെല്ലിന്റേതാണ് നടപടി.

പുതിയ തമിഴ് സിനിമകൾ തിയേറ്ററിൽ എത്തുന്നതിന് മുമ്പേ അതിന്റെ വ്യാജപ്പകർപ്പുകൾ ഇന്റർനെറ്റ് വഴി പ്രചരിപ്പിക്കുന്നത് തമിഴ് റോക്കേഴ്‌സിന്റെ സ്ഥിരം പരിപാടിയായിരുന്നു. എന്നാൽ കനത്തപ്രഹരമാണ് തമിഴ്നാട് ആന്റിപൈറസി സെൽ സൈറ്റിന് നൽകിയിരിക്കുന്നത്.

അടുത്തിടെ രജനി ചിത്രം കാലയുടെ 12,000 വ്യാജ കോപ്പികൾ ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്ത ആന്റി പൈറസി സെല്ലിന്‍റെ നടപടിക്ക് അഭിനന്ദനപ്രവാഹമായിരുന്നു. അതേസമയം തമിഴ് റോക്കേഴ്സിനെ പൂർണമായും ബ്ലോക്ക് ചെയ്യാനോ നീക്കം ചെയ്യാനോ സാധിക്കില്ലെന്ന് ആന്റി പൈറസി വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു.

താൽക്കാലികമായി കുറച്ചു കാലത്തേയ്ക്ക് തമിഴ്റോക്കേഴ്സിനെ ബ്ലോക്ക് ചെയ്യാം എന്നല്ലാതെ പൂർണമായും ബ്ലോക്ക് ചെയ്യുകയെന്നത് നടക്കാത്ത കാര്യമാണെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

ആന്‌റി പൈറസി സെല്ലിന്റെ പുതിയ നീക്കത്തിലൂടെ ഡൗൺലോഡുകളുടെ എണ്ണം 100ൽ നിന്ന് 10 ലേക്ക് എന്ന കണക്കിൽ കുറക്കാൻ സാധിക്കും. ഡൗൺലോഡ് വേഗതയും കുറക്കാൻ കഴിയും. ഉദാഹരണത്തിന് 30 മിനിറ്റെടുക്കുന്ന സിനിമാ ഡൗൺലോഡിംഗ് രണ്ടോ മൂന്നോ ദിവസം എന്ന രീതിയിലേക്ക് വൈകിപ്പിക്കാം.