അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചു

ഡല്‍ഹി: ഇന്ത്യൻ സ്റ്റീൽ, അലുമിനിയം ഉല്പനങ്ങൾക്ക് അമേരിക്ക ഭീമമായ നികുതി ചുമത്തിയതിന് പിന്നാലെ അമേരിക്കയുടെ 29 ഉല്പനങ്ങളുടെ തീരുവ വർധിപ്പിച്ചു. വര്‍ദ്ധനവ്‌ ഓഗസ്റ്റ് നാലിന് പ്രാബല്യത്തിൽ വരും.  അമേരിക്കയുടെ പഴവർഗങ്ങൾ, കെമികൽസ്, മോട്ടർ സൈക്കിൾ ഉല്പന്നങ്ങൾക്കാണ് അമ്പത്ശതമാനം വരെ നികുതി വർധിപ്പിച്ചത്.  പയർ, കടലപരിപ്പ് എന്നിവയുടെ ഇറക്കുമതി തീരുവ 30 ശതമാനത്തിൽ നിന്ന് 70 ശതമാനമായും ഉയർത്തി. ഇതിലൂടെ 24 കോടി ഡോളറിന്റെ അധികവരുമാനമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞയാഴ്ചയാണ് മുപ്പത് അമേരിക്കൻ ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടുന്നതായി ഇന്ത്യ ലോക വ്യാപാര സംഘടനയ്ക്ക് അറിയിപ്പ് നൽകിയത്.  ആഗോള വ്യാപാര മേഖലയിൽ വൻ പ്രതിഷേധമാണ് അമേരിക്കെതിരെ ഉയർന്നിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ ഇതിനോടകംതന്നെ അമേരിക്കൻ ഉല്പന്നങ്ങൾക്ക് ഇറക്കുമതിക്ക് നികുതി കൂട്ടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മെക്‌സിക്കോ, ജപ്പാൻ തുടങ്ങിയവും അമേരിക്കയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ചൈനീസ് ഉല്പന്നങ്ങൾക്ക് നികുതി വർധിപ്പിച്ചതിനെതുടര്‍ന്ന്‌ അമേരിക്കയുടെ ഉല്പന്നങ്ങൾക്ക് കഴിഞ്ഞയാഴ്ച്ച ചൈനയും നികുതി വർധിപ്പിച്ചിരുന്നു.