ഭൂമി ഇടപാട് വീണ്ടും അന്വേഷിക്കും: അങ്കമാലി രൂപത

വിവാദഭൂമി ഇടപാട് വീണ്ടും അന്വേഷിക്കുമെന്ന് പുതിയ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ മാര്‍ ജേക്കബ് മനത്തോടത്ത്.  അതിനായി വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. പാലക്കാട് ബിഷപ്പ് ജേക്കബ് മനത്തോടത്തിനെ പുതിയ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചുകൊണ്ടുള്ള വത്തിക്കാനില്‍ നിന്നുള്ള ഉത്തരവ് സഭാ ആസ്ഥാനത്ത് വായിച്ചു. ഇതിനെതുടര്‍ന്ന്‌ അതിരൂപതാ ഭരണ ചുമതലയില്‍ നിന്നും  കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി  പൂര്‍ണമായും ഒഴിഞ്ഞു. അതിരൂപതയുടെ ദൈനംദിന ഭരണ ചുമതലയില്‍ നിന്ന്  സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും ഒഴിവായി. 

ഭൂമി വിവാദത്തില്‍ കര്‍ദ്ദിനാളിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ സിനഡ് നിര്‍ദ്ദേശ പ്രകാരം  ഭരണ നിര്‍വഹണ ചുമതല ഭാഗീകമായി സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ ഏല്‍പ്പിച്ചിരുന്നു. പുതിയ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചതോടെ സഹായമെത്രാനുണ്ടായിരുന്ന താത്കാലിക ചുമതല ഇല്ലാതായി. എന്നാല്‍ അതിരൂപതാ സഹായ മെത്രാന്‍ പദവിയില്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും മാര്‍ ജോസ് പുത്തന്‍ വീട്ടിലും തുടരും. സിറോ മലബാര്‍ അധ്യക്ഷ സ്ഥാനത്തും അതിരൂപതാ അധ്യക്ഷസ്ഥാനത്തും  മാറ്റമില്ല. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി തന്നെ ഈ പദവികള്‍ വഹിക്കും.