ഇനി യുജിസി ഇല്ല

ഡല്‍ഹി:യുജിസിയെ പിരിച്ചു വിട്ട് പകരം ഉന്നത വിദ്യാഭ്യാസ കമ്മീഷനെ രൂപവത്ക്കരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ വാണിജ്യവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാറിന്റെ ഈ നീക്കം. യുജിസി നിയമം പരിഷ്‌ക്കരിക്കുമെന്ന കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിന്റെ തുടർച്ചയായാണ് ഈ മാറ്റം. ഇതോടെവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകാനുള്ള അധികാരം യുജിസിയിൽനിന്ന് കേന്ദ്രസർക്കാർ ഏറ്റെടുക്കും. യുജിസിക്ക് ആധാരമായ 1951ലെ നിയമം പിൻവലിച്ച് പകരം ഹയർ എഡ്യുക്കേഷൻ കമീഷൻ ഓഫ് ഇന്ത്യ രൂപീകരിക്കാൻ മാനവവിഭവശേഷി മന്ത്രാലയം തീരുമാനിച്ചു. ഇതുസംബന്ധിച്ച ബിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. സാധാരണക്കാർക്കും നിർധനർക്കും ഉന്നതവിദ്യാഭ്യാസം അപ്രാപ്യമാക്കുന്ന പരിഷ്‌കാരത്തിനാണ് കേന്ദ്രനീക്കം. യുജിസി ഇല്ലാതാകുന്നതോടെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ ഗ്രാന്റ് നൽകുന്ന സമ്പ്രദായം നിർത്തും. പകരം സ്ഥാപനങ്ങളുടെ പ്രകടനംനോക്കി മാനവവിഭവശേഷി വികസനമന്ത്രാലയം ധനസഹായം നൽകുമെന്നാണ് ബില്ലിൽ പറയുന്നത്. ഇത് സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കംനിൽക്കുന്ന മേഖലകളിലെ സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കാനും വഴിതെളിക്കും.

സ്ഥിരം അധ്യാപകനിയമനം അവസാനിപ്പിക്കാനും ശമ്പളപരിഷ്‌കരണ കമീഷനുകൾക്ക് അന്ത്യംകുറിക്കാനും പുതിയ സംവിധാനം വഴിവയ്ക്കും. സ്ഥാപനങ്ങൾക്ക് സ്വയംഭരണാവകാശം നൽകുന്നുവെന്ന് നടിച്ചാണ് കേന്ദ്രം പരിഷ്‌കാരങ്ങൾ അടിച്ചേൽപ്പിക്കുന്നത്സ്ഥാപനങ്ങളുടെ അക്രെഡിറ്റേഷൻ, ഗ്രേഡിങ് എന്നിവ കമീഷൻ നിശ്ചയിക്കും. ഉന്നതവിദ്യാഭ്യാസമേഖലയിലെ ഏതു വിഷയത്തിലും ആവശ്യമെന്ന് കണ്ടാൽ ഇടപെടാൻ കമീഷന് അധികാരം നൽകും.

ചെയർമാനും വൈസ് ചെയർമാനും ഉൾപ്പെടെ 14 അംഗങ്ങൾ കമീഷനിൽ ഉണ്ടാകും. ഇവരെ കേന്ദ്രസർക്കാർ ആണ് നിയമിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഉന്നതവിദ്യാഭ്യാസം സ്വപ്നം മാത്രമായി മാറുന്ന തീരുമാനമാണ് കേന്ദ്ര സർക്കാർ എടുത്തിരിക്കുന്നത്. മുമ്പും ഇത്തരത്തിലുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. പ്ലാനിംഗ് കമ്മീഷനെ മാറ്റി 8 അംഗ സമിതിയെ നിയോഗിച്ചതോടെ കമ്മീഷന്റെ ഭരണം മുഴുവൻ കേന്ദ്രത്തിനു കീഴിൽ ആകുകയാണ് ചെയ്തത്.