ചര്‍ച്ചക്ക് തയ്യാറായി അമ്മ

കൊച്ചി: ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്ത വിഷയം ചർച്ച ചെയ്യാൻ തയാറാണെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമ്മയ്ക്ക് കത്ത് നൽകിയ രേവതി, പാർവതി, പത്മപ്രിയ എന്നീ നടിമാർക്കാണ് ഇടവേള ബാബു മറുപടി നൽകിയത്. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് രമ്യ നന്പീശൻ, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, ആക്രമണത്തിന് ഇരയായ നടി എന്നിവർ അമ്മയിൽ നിന്നും രാജി വെച്ചതിനെ തുടർന്നാണ് ദിലീപിനെ തിരിച്ചെടുത്ത വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൂന്ന് നടിമാർ അമ്മ നേതൃത്വത്തിന് കത്ത് നൽകിയത്. ദിലീപിനെ തിരിച്ചെടുത്ത സംഭവത്തിൽ അമ്മയ്ക്കെതിരേ സമൂഹത്തിന്‍റെ വിവിധ കോണുകളിൽ നിന്നും കടുത്ത വിമർശനം ഉയർന്നിരുന്നു.