ദുബൈ ഫ്രെയിം പ്രവേശനത്തിന് ഇനി ഇ- ടിക്കറ്റ്‌

ദുബൈ:ദുബൈയിലെ പുതിയ വിനോദസഞ്ചാരകേന്ദ്രമായ ദുബൈ ഫ്രെയ്മിലേക്കുള്ള പ്രവേശനത്തിന് ഇ-ടിക്കറ്റിംഗ് സേവനങ്ങള്‍ ആരംഭിച്ചു.സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഇ-ടിക്കറ്റ് ലഭ്യമാക്കുക. പുതിയ വെബ്‌സൈറ്റ് വഴിയും ഇ-ടിക്കറ്റ് സ്വന്തമാക്കാന്‍ കഴിയും. www.dubaiframe.ae എന്ന വെബ്‌സൈറ്റ് വഴിയോ സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷന്‍ മുഖാന്തിരമോ ഇ-ടിക്കറ്റ് സ്വന്തമാക്കാന്‍ കഴിയുന്ന സംവിധാനമാണ് ആരംഭിച്ചിരിക്കുന്നത്. ദുബൈ ഫ്രെയ്മിനെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുകയും സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ ഫ്രെയിം ആസ്വദിക്കുന്നതിനുമായിട്ടാണ് പുതിയ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ഫ്രെയ്മിന്റെ മുകള്‍ തട്ടില്‍ സന്ദര്‍ശകര്‍ക്കായി പ്രത്യേക സെല്‍ഫി മെഷിനുകളും സ്ഥാപിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ദുബൈ ഫ്രെയ്മിനകത്ത് നില്‍ക്കുന്ന രൂപത്തില്‍ സെല്‍ഫികള്‍ എടുക്കാം എന്നതാണ് പ്രത്യേകത. ഈ ചിത്രങ്ങള്‍ അപ്പോള്‍ തന്നെ ഇ-മെയില്‍ ആയിട്ട് അയച്ച്തിരികയും ചെയ്യും. കൂടാതെ സൗജന്യവൈഫൈയും സന്ദര്‍ശകര്‍ക്കായി ഫ്രെയ്മില്‍ ഒരുക്കിയിട്ടുണ്ട്. പഴയ ദുബൈയുടെയും പുതിയ ദുബൈയിയുടെയും മനോഹരകാഴ്ച്ചകള്‍ സമ്മാനിക്കുന്ന ദുബൈ ഫ്രെയിം ഈ വര്‍ഷം ആണ് സന്ദര്‍ശകര്‍ക്കായി തുറന്നത്. അതിന് ശേഷം ഇതുവരെ നാലരലക്ഷത്തിലധികം പേര്‍ ആണ് ദുബൈ ഫ്രെയിം സന്ദര്‍ശിച്ചത്.