ജസ്നക്കായുള്ള അന്വേഷണം ബംഗലൂരുവിലേക്ക്‌

കോട്ടയം: കഴിഞ്ഞ മാർച്ച് 22 ന് അച്ഛന്‍റെ സഹോദരിയുടെ വീട്ടില്‍ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ജസ്ന തന്നെയാണ്, മുണ്ടക്കയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ കച്ചവട സ്ഥാപനത്തിന്‍റെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കഴി‍ഞ്ഞദിവസം എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം പത്തനംതിട്ടയില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലും ദൃശ്യങ്ങളിലുള്ളത് ജസ്നയാണെന്നാണ് വിലയിരുത്തല്‍.

മുണ്ടക്കയം സ്വദേശിനി അലീഷയല്ല ദൃശ്യങ്ങളിലുള്ളതെന്ന് നേരത്തെ പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. അതേസമയം ജസ്നയെ കണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു സംഘം ബംഗളൂരുവിലേക്ക് തിരിച്ചു.

ജസ്നയ്ക്ക് പിന്നാലെ ആണ്‍സുഹൃത്ത് വരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിതൃസഹോദരിയുടെ വീട്ടിലേക്കെന്നും പറഞ്ഞിറങ്ങിയ ജസ്ന മുണ്ടക്കയത്ത് എത്തിയിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളാണിത്. സംഭവ ദിവസം ജസ്നയെ എരുമേലിയില്‍ രാവിലെ 10.30 ന്‍റെ ബസില്‍ ഇരിക്കുന്നത് കണ്ടെന്ന് സാക്ഷി മൊഴികളുണ്ടായിരുന്നു. എതിന് തെളിവായി കിട്ടിയ സിസിടിവി ദൃശ്യങ്ങളായിരുന്നു ജസ്നയെ കുറിച്ച് ഇതുവരെയുണ്ടായിരുന്ന തെളിവ്.

ഇപ്പോള്‍ മുണ്ടക്കയം ബസ്സ്റ്റാന്‍റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കിട്ടിയതോടെ ജസ്ന മുണ്ടക്കയത്തെത്തിയിരുന്നു എന്നതിന് ശക്തമായ തെളിവായി. കാണാതായ ദിവസം രാവിലെ 11.44 നാണ് ജസ്ന മുണ്ടക്കയം ബസ് സ്റ്റാന്‍റിന് സമീപത്തെ കടയ്ക്ക് മുന്നിലൂടെ നടന്നു പോയത്. മിനിട്ടുകള്‍ക്കുള്ളില്‍ ജസ്നയുടെ ആണ്‍ സുഹൃത്തും ഇതേ ഭാഗത്തുകൂടി തിരിച്ചു നടക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.