ഒറ്റരാജ്യം, ഒരു തിരഞ്ഞെടുപ്പ്: എതിര്‍പ്പുമായി കോണ്‍ഗ്രസ് രംഗത്ത്‌

ഡല്‍ഹി: ഒറ്റരാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന എൻ.ഡി.എ സർക്കാർ നിർദ്ദേശത്തെ തുറന്നെതിർത്ത് കോൺഗ്രസ് രംഗത്തെത്തി. ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധമാണെന്ന് കോൺഗ്രസ് പറയുന്നു. ഒറ്റ തിരഞ്ഞെടുപ്പ് എന്ന നിർദ്ദേശം ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കുമെന്നാണ് കോൺഗ്രസിന്റെ വാദം. ജനങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണത്. ഒന്നിച്ചു തിരഞ്ഞെടുപ്പ് നടത്തിയാലും എല്ലാ സംസ്ഥാനങ്ങളിലും സർക്കാരുകൾ അഞ്ചു വർഷം പൂർത്തിയാക്കണമെന്നില്ല. ബാക്കി സമയം ഗവർണർ ഭരണത്തിനു കീഴിലാകുന്നത് പ്രതിനിധികളെ തിരഞ്ഞെടുത്ത ജനങ്ങളെ കബളിപ്പിക്കലാണ്. അഞ്ചു വർഷത്തിനു മുൻപ് പാർലമെന്റ് പിരിച്ചു വിടേണ്ടി വന്നാൽ ബാക്കി സമയം മുഴുവൻ രാഷ്ട്രപതി ഭരിക്കുമോ എന്നും കോൺഗ്രസ് ചോദിക്കുന്നു.


പാതി വഴി പിന്നിട്ട സംസ്ഥാന നിയമസഭകളെ പിരിച്ചു വിട്ട് ഒന്നിച്ചു തിരഞ്ഞെടുപ്പ് നടത്തുന്നത് പ്രായോഗികമല്ല. അതു പൊതുഖജനാവിന് വരുത്തുന്ന ചെലവ് വലുതാണ്. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യങ്ങളിലല്ലാതെ തിരഞ്ഞെടുപ്പിന് വേണ്ടി നിയമസഭകൾ പിരിച്ചുവിടാൻ ഭരണഘടന അനുശാസിക്കുന്നില്ല. പണം ലാഭിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം പ്രചരണം അവസാനിപ്പിച്ചാൽ മതി. ചെറിയ പാർട്ടികൾക്ക് ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ് ചെലവുകൾ താങ്ങാൻ കഴിയില്ലെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.