ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

ലണ്ടന്‍:രോഹിത് ശര്‍മയുടെ സെഞ്ച്വറി മികവിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. 269 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നപ്പോൾ വിജയം എട്ട് വിക്കറ്റിന്. 114 ബോളിൽ പുറത്താകാതെ 137 റൺസെടുത്ത രോഹിത് ശർമ്മയുടെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയുടെ ജയത്തിൽ നിർണായകമായത്.

ഏകദിന മത്സരങ്ങളിൽ തന്റെ 18ാം സെഞ്ച്വറി നേടി രോഹിത് ശർമ്മയാണ് ഇന്ത്യയുടെ കുൽദീപ് യാദവിനൊപ്പം ഇന്ത്യയുടെ വിജയ ശിൽപ്പി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. നോട്ടിങ്ഹാമിൽ ടോസ് നേടിയ കോഹ്ലി ആതിഥേയരെ ബാറ്റിങ്ങിനയക്കുമ്‌ബോൾ കുൽദീപ് യാദവിന്റെയും യുസ്വേന്ദ്ര ചാഹലിന്റെയും സ്പിൻ മികവിലായിരുന്നു ഇന്ത്യയ്ക്ക് പ്രതീക്ഷ. എന്നാൽ, തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിച്ച ഇംഗ്ലീഷ് ഓപ്പണർമാരായ ജേസൺ റോയിയും ജോണി ബെയർസ്റ്റോവും ഇംഗ്ലണ്ടിന് മികച്ച തുടക്കം നൽകി. കൂറ്റൻ സ്‌കോറിലേക്കെന്ന് തോന്നിയ ഇംഗ്ലീഷ് ബാറ്റിങ്ങിനെ പിന്നീട് കുൽദീപ് യാദവ് തളച്ചിടുകയായിരുന്നു.