പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്

മലപ്പുറം: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. വാഴക്കാട് പൊലീസും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും അടങ്ങുന്ന സംയുക്ത സംഘമാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്.കാര്യമായൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പൊലീസ് നടത്തുന്ന പരിശോധനയുടെ ഭാഗമാണിത്.

സംഭവം നടന്ന് 12 ദിവസമായിട്ടും കൊലയാളിയും മുഖ്യസൂത്രധാരനുമടക്കം കൃത്യത്തിൽ പങ്കെടുത്തവർ എവിടെയെന്ന് പൊലീസിന് യാതൊരു ഊഹവുമില്ല. ബാഹ്യ സഹായം ഇല്ലാതെ ഇത്രയും ദിവസം ഇവർ‍ക്ക് ഒളിവിൽ ഇരിക്കാൻ കഴിയില്ലെന്നാണ് കണക്കുകൂട്ടൽ.അതേസമയം, കേസില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യം പ്രതികളെ പിടിച്ച ശേഷം തീരുമാനിക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കി.